‘സിജെപിക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധം, വിദേശ ഫണ്ടിങ്ങും സ്വീകരിച്ചു’: തെളിവുകൾ ലഭിച്ചതായി കേന്ദ്രം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന ആരോപണവുമായി കേന്ദ്രം. ഇന്ത്യയിൽ അശാന്തി പടർത്തുന്നതിനായി വിദേശ എൻജിഒകളിൽനിന്നും ശത്രുരാജ്യങ്ങൾ ഉൾപ്പെടുന്ന ബാഹ്യ ശൃംഖലകളിൽനിന്നും നിയമവിരുദ്ധമായി സി.ജെ.പി പണം സ്വീകരിച്ചതായി കേന്ദ്ര സർക്കാർ ആരോപിച്ചു.
സംഘടനാ സ്ഥാപകനായ അഭിജീത് ദിപ്കെ അമേരിക്കൻ ദാതാക്കളിൽനിന്നും സ്ട്രാറ്റജിസ്റ്റായ അശുതോഷ് റാങ്ക പാകിസ്താൻ രാഷ്ട്രീയക്കാരിൽനിന്നും പണം കൈപ്പറ്റിയതായി വ്യക്തമാക്കുന്ന തെളിവുകൾ അധികൃതരുടെ പക്കലുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വെളിപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യ വിരുദ്ധ സംഘടനകളും ശക്തികളുമാണ് ഇത്തരം പ്രസ്ഥാനങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് ഡൽഹിയിൽ അരാജകത്വം സൃഷ്ടിക്കാനാണ് സി.ജെ.പി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതെന്ന് ബി.ജെ.പി വക്താവ് തുഹിൻ എ. സിൻഹ ആരോപിച്ചു. ഔദ്യോഗിക വിലക്കുകൾ ലംഘിച്ച് ജന്തർ മന്ദിറിൽ പ്രവേശിച്ചതിനും സമാധാന ലംഘനം നടത്തിയതിനും ഡൽഹി പോലീസ് സി.ജെ.പി വക്താക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ചോദ്യം ചെയ്യലിനായി സമൻസ് അയച്ചു. ഒക്ടോബർ പത്തിന് സമാധാന ബോണ്ടിൽ ഒപ്പിട്ട് പുറത്തിറങ്ങിയ ഇരുവരും, ഒക്ടോബർ 13-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിലെ ബാരിക്കേഡുകൾ മറികടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രത്തിന്റെ വിദേശ ഫണ്ടിങ് ആരോപണം പ്രതിപക്ഷം തള്ളി. ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവില്ലാതെ സംസാരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും കാര്യക്ഷമതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: Central government accuses CJP leaders of receiving illegal funds from foreign NGOs and Pakistani networks., Delhi Police Crime Branch issues summons to CJP spokespersons for violating bans at Jantar Mantar., Opposition rejects allegations, calling them baseless and criticizing intelligence agencies.