FIR റദ്ദാക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് CJP, നിയമസഹായത്തിന് വെബ്സൈറ്റ്; പിന്തുണയുമായി കപിൽ സിബലും

ന്യൂഡൽഹി: പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. സമരക്കാർക്കെതിരെ പോലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ പങ്കുവെക്കാൻ 'സാക്ഷി' എന്ന വെബ്‌സൈറ്റ് ആരംഭിച്ചതായും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലിനൊപ്പമാണ് സിജെപി പ്രതിനിധികൾ വാർത്താസമ്മേളനം നടത്തിയത്. കപിൽ സിബൽ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.
സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ല. ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമിക്കുന്നത്. സമരം ചെയ്ത എല്ലാവർക്കും നിയമസഹായം സിജെപി ഉറപ്പാക്കും. ഇതിനായി cockroachjantaparty.org/saakshi എന്ന വെബ്‌സൈറ്റ് ആരംഭിച്ചു. പോലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ തെളിവായി ഇതിൽ അപ്‌ലോഡ് ചെയ്യാം. ഇത് പരിശോധിച്ച് സിജെപിയുടെ ടീം ബന്ധപ്പെടുകയും നിയമപരമായ സഹായം ലഭ്യമാക്കുകയും ചെയ്യുമെന്നും സൗരവ് പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ഏത് ഭാഗത്തും നിയമസഹായം ലഭ്യമാക്കാമെന്ന് കപിൽ സിബൽ ഉറപ്പുനൽകി. നിയമനടപടികൾ നേരിടുന്നവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി വെബ്‌സൈറ്റ് ആരംഭിക്കും. ഒരു രൂപയാണെങ്കിൽ പോലും എല്ലാവരും ഇതിലേക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഫണ്ട് വിതരണം സിജെപി നടത്തും. ഇന്ത്യയുടെ പുരോഗതിക്കുവേണ്ടിയുള്ള പ്രസ്ഥാനമാണ് ഇതെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
ബിഹാറിൽ സമരക്കാർക്കെതിരെ പോലീസ് എകെ47 ഉപയോഗിക്കുന്നുവെന്ന് സിജെപി വക്താവ് രത്‌ന സിങ് ആരോപിച്ചു. കൊൽക്കത്തയിൽ 12 പേരെ അറസ്റ്റ് ചെയ്തതിൽ പത്ത് പേരും മുസ്‌ലിങ്ങളാണ്. ഒരു സമുദായത്തെ ലക്ഷ്യമിട്ടാണ് പോലീസിന്റെ നടപടിയെന്നും രത്‌ന സിങ് ആരോപിച്ചു.
Content Highlights: Cockroach Janta Party launched the website Saakshi for legal support and warned of renewed protests after accusing the government of breaking its promise to withdraw student FIRs, with Rajya Sabha MP Kapil Sibal extending full support.