18 മണിക്കൂർ ജോലി; സർജാപുരയിലെ ഭൂമിയിൽ വിജയത്തുടക്കം; അദ്ഭുതപ്പെടുത്തിയ റോയ്

#സുനില്‍ തിരുവമ്പാടി
സി.ജെ. റോയ് | Photo: instagram.com/dr.roy.cj
സി.ജെ. റോയ് | Photo: instagram.com/dr.roy.cj

ബെംഗളൂരു: സ്വപ്രയത്‌നത്താൽ വളർന്നും കഠിനാധ്വാനം ചെയ്തും ഏവരെയും അദ്ഭുതപ്പെടുത്തിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത പ്രതിഭാശാലിയായിരുന്നു അരങ്ങൊഴിഞ്ഞ സി.ജെ. റോയ്.

ഉയർന്നശമ്പളവും കാറുമെല്ലാമുള്ള ജോലി ഉപേക്ഷിച്ച്, സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ബിസിനസിലേക്ക് തിരിഞ്ഞയാൾ. 18 മണിക്കൂർവരെ ജോലി ചെയ്തു. കമ്പനിയിലെ എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയും നിരീക്ഷിച്ചു.

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദധാരിയായ റോയ് ബെംഗളൂരുവിലെ പ്രമുഖ ഐ.ടി. കമ്പനിയായ എച്ച്.പി.യിൽ പ്ലാനിങ് മാനേജരായാണ് ജോലി ആരംഭിച്ചത്. ബേക്കറി വ്യാപാരം നടത്തിവന്നിരുന്ന തൃശ്ശൂർ സ്വദേശി ജോസഫ് ചിരിയങ്കണ്ടത്തിന്റെയും ചക്കരമാക്കിൽ ത്രേസ്യയുടെയും മകനാണ്. ബെംഗളൂരുവിലാണ് വളർന്നത്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹത്തിൽ 1997-ൽ ജോലി രാജിവെച്ചു. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലായി ശ്രദ്ധ. ഏക്കറിന് മൂന്നുലക്ഷം രൂപ നിരക്കിൽ ബെംഗളൂരുവിലെ സർജാപുരയിൽ കുറെ ഭൂമി വാങ്ങി. അവിടെയായിരുന്നു വിജയത്തുടക്കം.

ആദ്യം ഒരു ഫ്‌ലാറ്റ് സമുച്ചയത്തിന് തുടക്കമിട്ടു. ഐ.ടി. നഗരമായി ബെംഗളൂരു മാറിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പദ്ധതി വൻ വിജയമായി. തുടർന്നാണ് കോൺഫിഡന്റ് ഗ്രൂപ്പിലേക്കെത്തിയത്. കർണാടകത്തിലെ ഏറ്റവും വലിയ ഭവനനിർമാണ കമ്പനിയായി മാറി. കേരളത്തിലെ വിവിധ നഗരങ്ങളിലായി ആയിരത്തിലേറെ അപ്പാർട്ട്മെന്റുകൾ കോൺഫിഡന്റ് ഗ്രൂപ്പിന്റേതായി ഉയർന്നു.

എപ്പോഴും നിറഞ്ഞ ചിരി വിടരുന്ന മുഖം. പ്രസന്നമായ പെരുമാറ്റം. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. തുടക്കകാലത്ത് ജോലി രാജിവെച്ച് വീട്ടിലെത്തിയപ്പോൾ 'ബി കോൺഫിഡന്റ്, യു കാൻ ഡു ഇറ്റ്' എന്ന് ഭാര്യ ലിനി റോയ് പറഞ്ഞ കാര്യം അദ്ദേഹം പിൽക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്.

1998-ൽ പാരീസിൽനിന്ന് ബിസിനസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടി. യൂറോപ്യൻ യൂണിയനിൽപ്പെട്ട സ്ലൊവാക്യ എന്ന രാജ്യത്തിന്റെ കർണാടകത്തിലെയും കേരളത്തിലെയും ഓണററി കോൺസലറായിരുന്നു.

ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസികപീഡനമെന്ന് ആരോപണം...

സുനീഷ് ജേക്കബ് മാത്യു

ബെംഗളൂരു:വായ്പരഹിത സംരംഭകമാതൃക പരീക്ഷിച്ച റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകചെയർമാൻ സി.ജെ. റോയ് (57) ആദായനികുതിവകുപ്പ് റെയ്ഡിനിടെയാണ് സ്വയം വെടിവെച്ചുമരിച്ചത്.

ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി.ജെ. റോയ്യുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. മുൻപും ആദായനികുതി വകുപ്പ് കോൺഫിഡന്റ് ഗ്രൂപ്പിനെതിരേ റെയ്ഡ് അടക്കം നടപടികളെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി നിയമപോരാട്ടം നടത്തിവരുകയായിരുന്നു. സി.ജെ. റോയ് എന്നറിയപ്പെട്ട ചിരിയങ്കണ്ടത്ത് ജോസഫ് റോയ് ഗുരുവായൂർ സ്വദേശി ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ്. ബെംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്.പി.യിൽ പ്ലാനിങ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005-ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്. 20 വർഷത്തിനിടെ 2000 കോടി രൂപയിലേറെ ആസ്തിയുള്ള കമ്പനിയായി വളർന്നു.

വൻനിക്ഷേപം ആവശ്യമായ റിയൽ എസ്റ്റേറ്റ് സംരംഭം ബാങ്ക് വായ്പയില്ലാതെ നടത്തി ബിസിനസ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെയടക്കം ടി.വി. റിയാലിറ്റി ഷോകളുടെ പ്രധാന സ്‌പോൺസറായി ബ്രാൻഡിനെ വളർത്തിയെടുത്തു. ബെംഗളൂരുവിലും കേരളത്തിലും യു.എ.ഇ.യിലും ഒട്ടേറെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ പൂർത്തിയാക്കി. നിലവിൽ 150-ലധികം ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം കമ്പനിക്കുകീഴിൽ നടക്കുന്നുണ്ട്. മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്.

ഭാര്യ: ലിനി റോയ്. മക്കൾ: രോഹിത്ത്, റിയ. മരണവിവരം അറിഞ്ഞ് ഇവർ ദുബായിൽനിന്ന് ബെംഗളുരുവിലേക്ക് തിരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Learn about CJ Roy, the brilliant founder of Confident Group. From IT job to real estate mogul, discover his inspiring journey and tragic end.