പൗരത്വനിയമ ഭേദഗതി: വിജ്ഞാപനം ഉടൻ സ്റ്റേ ചെയ്യണം; DYFIയും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും ഡി.വൈ.എഫ്.ഐയും സുപ്രീംകോടതിയെ സമീപിച്ചു. മറ്റ് മതത്തിൽ പെട്ടവർക്ക് അപേക്ഷ നൽകാൻ അനുമതി നൽകുകയാണെങ്കിൽ മുസ്ലീങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൽ അനുവദിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. അതേസമയം, സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം.
ആർക്കെങ്കിലും പൗരത്വം നൽകുന്നതിന് ലീഗ് എതിരല്ല. ഒരു മതത്തിനെ മാത്രം മാറ്റി നിർത്തുന്നതിനെയാണ് എതിർക്കുന്നത്. ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലീഗ് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. പൗരത്വനിയമ ഭേദഗതി ചോദ്യം ചെയ്തുള്ള 250-ഓളം ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജികളിൽ തീരുമാനമാകുന്നതിന് മുമ്പ് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ അനുവദിക്കരുത്. സി.എ.എ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചാൽ അനുവദിക്കുന്ന പൗരത്വം എന്തുചെയ്യുമെന്നും ലീഗ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചോദിക്കുന്നുണ്ട്.
മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐയ്ക്കുവേണ്ടി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകി.
Content Highlights: Citizenship Amendment Act, DYFI and Muslim League in Supreme Court