'ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ഉപദേശങ്ങൾ നമുക്ക് ഓർമ്മിക്കാം'; ക്രിസ്മസ് ആശംസകൾ പങ്കുവെച്ച് നേതാക്കൾ

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ. ഐക്യത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശമാണ് ക്രിസ്മസ് പങ്കുവെക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. ക്രിസ്തു പഠിപ്പിച്ച ശ്രേഷ്ഠമായ ഉപദേശങ്ങൾ ഈ അവസരത്തിൽ നമുക്ക് ഓർമ്മിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. സന്തോഷത്തിന്റെ ഈ ഉത്സവം സ്നേഹത്തിന്റേയും ഐക്യത്തിന്റേയും കാരുണ്യത്തിന്റേയും സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ക്രിസ്തു പകർന്നുതന്ന പാഠങ്ങൾ ഈ അവസരത്തിൽ ഓർമ്മിക്കാം, ഒപ്പം എല്ലാവുരുടേയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാം, രാഷ്ട്രപതി ദ്രൗപദി മുർമു.
'എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. ഈ ഉത്സവകാലം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നൽകട്ടെ. ഐക്യത്തിന്റേയും സഹാനുഭൂതിയുടേയും പ്രതീകമായ ക്രിസ്മസ് അതിന്റെ അന്തഃസത്ത ഉൾക്കൊണ്ടുതന്നെ നമുക്ക് ആഘോഷിക്കാം, ഒപ്പം സന്തോഷകരവും ആരോഗ്യപൂർണ്ണവുമായ ഒരു ലോകത്തിനുവേണ്ടി നമുക്കെല്ലാവർക്കും പ്രവർത്തിക്കാം. ക്രിസ്തു പഠിപ്പിച്ച ശ്രേഷ്ഠമായ ഉപദേശങ്ങൾ ഈ അവസരത്തിൽ നമുക്ക് ഓർമ്മിക്കാം', പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
'പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ്, കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു', മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.
Content Highlights: christmas wishes droupadi murmu pm modi cm pinarayi vijayan