ക്രിസ്ത്യാനികൾക്കെതിരായ ഛത്തീസ്ഗഢിലെ ബന്ദ് നിർത്തിവെക്കണം; അമിത് ഷായ്ക്ക് കത്തയച്ച് സിബിസിഐ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ | PTI File Photo
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ | PTI File Photo

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ചും സുരക്ഷ ആവശ്യപ്പെട്ടും യുണൈറ്റഡ് ക്രിസ്ത്യൻസ് ഫോറം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. ക്രിസ്ത്യാനികൾക്കെതിരായി ഡിസംബർ 24-ന് ഛത്തീസ്ഗഢിൽ നടക്കുന്ന ബന്ദ് നിർത്തിവെക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. ഇത്തരം അക്രമങ്ങൾ, മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശത്തെയുംകുറിച്ചുള്ള ഇന്ത്യയുടെ ഭരണഘടനാ ഉറപ്പുകളെ ദുർബലപ്പെടുത്തുന്നതായി സിബിസിഐ പ്രസ്താവിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച ബിജെപി നേതാവ് അഞ്ജു ഭാർഗവയെ പാർട്ടി പുറത്താക്കണമെന്നും ഷായോട് സിബിസിഐ ആവശ്യപ്പെട്ടു.

അപലപിച്ച് ക്രിസ്ത്യൻ സംഘടനകൾ

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നടന്ന ആക്രമണത്തിൽ വ്യാപക പ്രതിഷേധം. ആക്രമണങ്ങളിൽ ആശങ്കയറിയിച്ചും അപലപിച്ചും യുണൈറ്റഡ് ക്രിസ്ത്യൻസ് ഫോറവും കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയും രംഗത്തെത്തി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പ്രതിഷേധിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തവർക്കെതിരേയും കാരൾ സംഘത്തിനുനേരേയുമാണ് ബിജെപി, സംഘപരിവാർ സംഘടനകളുടെ ആക്രമണമുണ്ടായത്. ക്രിസ്ത്യൻ വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻസ് ഫോറം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ആക്രമണം നടക്കുമ്പോൾ പോലീസ് ഹിന്ദുത്വ ഗ്രൂപ്പുകൾക്കൊപ്പം ചേർന്ന് കണ്ണടയ്ക്കുകയാണ്. ഛത്തീസ്ഗഢിൽ ഡിസംബർ 24-ന് ക്രിസ്ത്യാനികൾക്കെതിരേ ബന്ദിന് ആഹ്വാനം ചെയ്തെന്ന പ്രചാരണം അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. ക്രിസ്മസ് ആഘോഷദിനങ്ങളിൽ പോലും ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നത് രാജ്യത്തിന് തീരാത്ത കളങ്കമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഉത്തർപ്രദേശിൽ ക്രിസ്മസിന് സ്കൂളുകൾക്ക് നൽകുന്ന അവധി ഉൾപ്പെടെ നിഷേധിക്കുകയും പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാൻ നിർദേശം നൽകുകയും ചെയ്യുക വഴി ബിജെപി ഹിന്ദുത്വ അജൻഡ നടപ്പാക്കുകയാണ്- വേണുഗോപാൽ പറഞ്ഞു.

Content Highlights: United Christians Forum and CBCI express concern over attacks on Christians during Christmas, urging Home Minister Amit Shah for security and to stop Chhattisgarh bandh.