അനുമതിയില്ലാതെ ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവ് പിടിയില്‍

#ന്യൂസ് ഡെസ്ക്
ഹു കോങ്തായി | Photo: X / @idrwalerts
ഹു കോങ്തായി | Photo: X / @idrwalerts

ന്യൂഡൽഹി: വിസ ചട്ടങ്ങൾ ലംഘിച്ച്, അനുമതിയില്ലാതെ ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാന പ്രദേശങ്ങൾ സന്ദർശിച്ച ചൈനീസ് പൗരനെ ശ്രീനഗറിൽ അറസ്റ്റ് ചെയ്തു. നവംബർ 19 ന് ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയ ഹു കോങ്തായിയെയാണ് കസ്റ്റഡിയിലെടുത്തത്. രാജ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തിയോ എന്ന് കണ്ടെത്താൻ ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിൽ (FRRO) രജിസ്റ്റർ ചെയ്യാതെ ഇയാൾ സാൻസ്കാർ, കശ്മീർ താഴ്‌വരയിലെ വിവിധ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ നിയന്ത്രിത പ്രദേശങ്ങൾ സന്ദർശിച്ചതായാണ് ആരോപണം.

ഇയാൾ സാൻസ്കാറിൽ മൂന്ന് ദിവസമാണ് താമസിച്ചത്. വാരാണസി, ആഗ്ര, ന്യൂഡൽഹി, ജയ്പുർ, സാരനാഥ്, ഗയ, കുശി നഗർ തുടങ്ങിയ ബുദ്ധമത തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ മാത്രമാണ് ഹുവിന് വിസ അനുവദിച്ചിരുന്നത്. എന്നാൽ ഇയാൾ സാൻസ്കാറിലെ ആശ്രമങ്ങളും തന്ത്രപ്രധാനമായ സ്ഥലങ്ങളും സന്ദർശിച്ചു. ഹുവിന്റെ യാത്ര ദക്ഷിണ കശ്മീരിലെ ഹൗർവാനിലെ ബുദ്ധമത ആശ്രമം, അവാന്തിപ്പോരയിലെ ബുദ്ധമത അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കായിരുന്നു. ഇത് സൈന്യത്തിന്റെ വിക്ടർ ഫോഴ്സ് ആസ്ഥാനം, ഹസ്രത്ത്ബാൽ ക്ഷേത്രം, ശങ്കരാചാര്യ മല, ദാൽ തടാകം, മുഗൾ ഗാർഡൻ എന്നിവയ്ക്ക് സമീപത്താണ്.

ഇന്ത്യയിലെത്തിയ ശേഷം ഹു ഒരു ഇന്ത്യൻ സിം കാർഡ് സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയം വർധിപ്പിച്ചിരിക്കുകയാണ്. ഹുവിന്റെ ബ്രൗസിങ് ഹിസ്റ്ററിയിൽ സിആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട സെർച്ചുകളുണ്ട്. ബ്രൗസിങ് ഹിസ്റ്ററി നീക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന കാര്യവും സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരുന്നു.

ചോദ്യം ചെയ്യലിനിടെ വിസ ചട്ടലംഘനത്തെക്കുറിച്ച് അറിവില്ലാത്ത മട്ടിലായിരുന്നു ഹുവിന്റെ പ്രതികരണം. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് പഠിച്ചതായും കഴിഞ്ഞ ഒമ്പത് വർഷമായി യുഎസിൽ താമസിക്കുന്നതായും ഹു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. താൻ ഒരു യാത്രാ പ്രേമിയാണെന്നും അമേരിക്ക, ന്യൂസിലാൻഡ്, ബ്രസീൽ, ഫിജി, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും തൻഫെ പാസ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതായും യുവാവ് അവകാശപ്പെട്ടു. ഹുവിനെ ശ്രീനഗർ വിമാനത്താവളത്തിനടുത്തുള്ള ബുഡ്‌ഗാം ജില്ലയിലെ പോളിസ് പോസ്റ്റ് ഹംഹാമയിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നാണ് റിപ്പോർട്ട്.

Content Highlights: Chinese national detained in Srinagar for violating visa rules by visiting Ladakh & Kashmir`s sensitive areas. Investigation underway into potential intel gathering.