‘തിരിച്ചുകിട്ടുന്നത് നൂറിൽ ഒന്ന്; എല്ലാവർക്കും ലാപ്ടോപ് കൊടുക്കാനുള്ള അത്രയും കള്ളപ്പണമുണ്ട്’

കേംബ്രിഡ്ജ്: ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഉൾപ്പെടുന്ന തുകയുടെ ഒരുശതമാനം മാത്രമാണ് അന്വേഷണ ഏജൻസികൾക്ക് തിരിച്ചുപിടിക്കാൻ സാധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വെളുപ്പിക്കുന്ന ഓരോ നൂറു രൂപയിലും ഒരു രൂപ മാത്രമാണ് വീണ്ടെടുക്കുന്നത്. സാമ്പത്തിക കുറ്റവാളികൾ ഉപയോഗിക്കുന്ന സങ്കീർണവും ആധുനികവുമായ രീതികളാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള 43-ാമത് അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ഒരുവർഷം ആഗോളതലത്തിൽ വെളുപ്പിക്കുന്ന കള്ളപ്പണം കൊണ്ട് ഭൂമിയിലുള്ള എണ്ണൂറ് കോടിയോളംവരുന്ന ജനങ്ങളിൽ ഓരോരുത്തർക്കും ഒരു ലാപ്ടോപ്പ് വീതം വാങ്ങിനൽകാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാലും ലോകത്തെ ഖജനാവുകളിൽ വലിയൊരു തുക ബാക്കികാണും. ഇത്രയധികം കള്ളപ്പണ ഒഴുക്കുണ്ടായിട്ടും അതിൽ ഒരു ശതമാനം മാത്രമാണ് പ്രായോഗികമായി തിരിച്ചുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിന്റെ കുറവും കുറ്റവാളികളെ വിട്ടുകിട്ടുന്നതിലെ കാലതാമസവും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇന്ത്യയിൽ വിപുലമായ നിയമസംവിധാനങ്ങളുണ്ട്. കൂടാതെ മറ്റ് രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനും പരസ്പര നിയമസഹായത്തിനുമുള്ള കരാറുകളുമുണ്ട്. എങ്കിലും കള്ളപ്പണം തിരിച്ചുപിടിക്കുന്നത് ഇപ്പോഴും പ്രയാസകരമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട പ്രമുഖ വ്യവസായികളായ വിജയ് മല്യയെയും നീരവ് മോദിയെയും യുകെയിൽനിന്ന് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ 2017-ലും 2018-ലും ആരംഭിച്ചതാണ്. എന്നാൽ, ഒൻപത് വർഷത്തോളമായിട്ടും ഇവർ ഇപ്പോഴും യുകെയിൽ തന്നെ തുടരുകയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.