ചാണകത്തില്‍ നിന്ന് പെയിന്റ്,വൈദ്യുതി:ഛത്തീസ്ഗഢില്‍ ഉത്പാദനം തുടങ്ങി;എല്ലാ ജില്ലകളിലും യൂണിറ്റുകള്‍

പ്രതീകാത്മകചിത്രം | Photo : AP
പ്രതീകാത്മകചിത്രം | Photo : AP

റായ്പുര്‍: ചാണകത്തില്‍ നിന്നുത്പാദിപ്പിക്കുന്ന പെയിന്റ് ഉപയോഗിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കാന്‍ തുടക്കമിട്ട് ഛത്തീസ്ഗഢ്. പരിസ്ഥിതി സൗഹാര്‍ദപരമായ ആശയം സംസ്ഥാനവ്യാപകമായി നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ചാണകത്തില്‍ നിന്നുള്ള പെയിന്റ് നിര്‍മാണത്തിനായി റായ്പുരിലും കാങ്കെറിലും ഗൗഠാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

2023 ജനുവരി അവസാനത്തോടെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ബാക്ടീരിയയേയും ഫംഗസിനേയും ചെറുക്കാന്‍ ചാണകത്തില്‍ നിന്ന് നിര്‍മിക്കുന്ന പെയിന്റ് പ്രാപ്തമാണെന്നും ഔദ്യോഗികവക്താവ് വ്യക്തമാക്കി. പ്രകൃതിദത്ത പെയിന്റ് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം മാത്രമല്ല ഗൗഠാനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഇതിലൂടെ സാമ്പത്തിക ഭദ്രത കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സുരാജി ഗാവോം യോജനയ്ക്ക് തുടക്കമിട്ട് നടപ്പാക്കിയ ഗോധന്‍ ന്യായ് യോജന രണ്ട് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 8,000 ഗൗഠാനുകളാണ് സ്ഥാപിച്ചത്. കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ ചാണകവും ലിറ്ററിന് നാലുരൂപ നിരക്കില്‍ ഗോമൂത്രവും ഗൗഠാനുകളിലൂടെ ശേഖരിക്കുന്നു. ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷനുമായും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യക്കായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററുമായും സംസ്ഥാന സര്‍ക്കാര്‍ ഇക്കൊല്ലം ആദ്യം കരാറിലേര്‍പ്പെട്ടിരുന്നു. 

എല്ലാ ജില്ലകളിലുമായി 73 പുതിയ യൂണിറ്റുകള്‍ ജനുവരിയോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബെമെതാര, ദുര്‍ഗ്, റായ്പുര്‍ ജില്ലകളിലെ യൂണിറ്റുകളില്‍ ചാണകത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം ആരംഭിച്ചതായി ഗോധന്‍ ന്യായ് യോജനജോയിന്റ് ഡയറക്ടര്‍ ആര്‍.എല്‍. ഖാരെ പറഞ്ഞു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ നിര്‍ദേശമനുസരിച്ച് പെയിന്റ് നിര്‍മാണയൂണിറ്റുകളുടെ നിര്‍മാണം ത്വരിതപ്പെടുത്താനും എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും കെമിക്കല്‍ പെയിന്റുകള്‍ക്ക് പകരം പ്രകൃതിദത്ത പെയിന്റ് ഉപയോഗിക്കാനും ജില്ലാകളക്ടര്‍മാര്‍ക്ക് കൃഷി വകുപ്പ് ഉത്തരവയച്ചു. 

കാര്‍ബോക്‌സി മീഥെയ്ല്‍ ആണ് ചാണകത്തില്‍ നിന്ന് നിര്‍മിക്കുന്ന പെയിന്റിന്റെ പ്രധാന ഘടകം. 100 കിലോഗ്രാം ചാണകത്തില്‍ നിന്ന് 100 കിലോഗ്രാം കാര്‍ബോക്‌സി മീഥെയ്ല്‍ നിര്‍മിക്കാം. പെയിന്റിന്റെ 30 ശതമാനം കാര്‍ബോക്‌സി മീഥെയ്ല്‍ ആണ്. ലിറ്ററിന് 120 രൂപ, 225 രൂപ എന്നിങ്ങനെയാണ് ചാണകത്തില്‍ നിന്ന് നിര്‍മിക്കുന്ന രണ്ട് തരത്തിലുള്ള പെയിന്റിന്റെ വില. എമല്‍ഷന്‍, ഡിസ്റ്റംപര്‍ എന്നിവയില്‍ നിന്ന് 130രൂപ മുതല്‍ 139 രൂപ വരെ, 55 രൂപ മുതല്‍ 64 രൂപ വരെ യഥാക്രമം ലാഭം ലഭിക്കുമെന്നും ആര്‍.എല്‍. ഖാരെ പറഞ്ഞു. ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നൂതനസംരംഭം അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. 


 

Content Highlights: Paints Manufactured From Cow Dung, Electricity From Cow Dung, Chhattisgarh