വിഷു: മലയാളികൾക്ക് ആശ്വാസം, ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പ്രത്യേക തീവണ്ടി

ചെന്നൈ: വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു. എഗ്മോറിൽനിന്ന് രാത്രി 11.55-ന് തിരിക്കുന്ന വണ്ടി (06115) പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരം നോർത്തിലെത്തും. തിരുവനന്തപുരം നോർത്തിൽനിന്ന് 15-ന് ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന തീവണ്ടി (06116) പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിലെത്തും. വണ്ടിയിൽ നാല് ത്രി ടിയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ചെന്നൈ സെൻട്രൽ-കൊല്ലം പ്രത്യേക എ.സി. തീവണ്ടി
ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്ക് 15-ന് പ്രത്യേക തീവണ്ടി അനുവദിച്ചു. ചെന്നൈയിൽനിന്ന് ഉച്ചയ്ക്ക് ശേഷം 3.10-ന് തിരിക്കുന്ന തീവണ്ടി (06119) പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് 16-ന് രാവിലെ 10.40-ന് പുറപ്പെടുന്ന തീവണ്ടി (06120) പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈ സെൻട്രലിലെത്തും. പെരമ്പൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 ത്രിടിയർ എ.സി. ഇക്കോണമി കോച്ചുകളാണുണ്ടാകുക.
വിഷു, അവധിക്കാല തിരക്കിനോടനുബന്ധിച്ച് നാട്ടിലേക്ക് ഏപ്രിൽ പത്തിന് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി വാർത്ത നൽകിയിരുന്നു. നാട്ടിലേക്കുള്ള പ്രതിദിന തീവണ്ടികളിൽ രൂക്ഷമായ യാത്രാത്തിരക്കാണ് അനുഭവപ്പെടുന്നത്. സ്വകാര്യബസുകളിലാകട്ടെ, രണ്ടും മൂന്നും ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെ കൂടുതൽ പ്രത്യേക തീവണ്ടികൾ അനുവദിക്കുകയല്ലാതെ യാത്രക്കാർക്ക് മിതമായ നിരക്കിൽ നാട്ടിലെത്താൻ മറ്റു മാർഗങ്ങളില്ല.
യാത്രത്തിരക്ക് കണക്കിലെടുത്ത് ഒൻപതിന് തിരുനെൽവേലിയിൽനിന്ന് എഗ്മോറിലേക്കും പ്രത്യേക തീവണ്ടി അനുവദിച്ചിട്ടുണ്ട്. രാത്രി 11.40-ന് തിരിക്കുന്ന തീവണ്ടി (06070) പിറ്റേന്ന് രാവിലെ എഗ്മോറിലെത്തും. എഗ്മോറിൽനിന്ന് 10-ന് ഉച്ചയ്ക്ക് 12.30-ന് തിരിക്കുന്ന തീവണ്ടി (06069) രാത്രി 11.30-ന് തിരുനെൽവേലിയിലെത്തും.
Content Highlights: Special train services announced for Vishu 2026 rush., Routes include Chennai Egmore to Thiruvananthapuram and Chennai Central to Kollam., Comprehensive list of major stopovers across Kerala and Tamil Nadu., Addressing the high demand and private bus fare surge during the festive season.