മലനിരകൾസാക്ഷി: ചെനാബ് പാലത്തിലൂടെ തീവണ്ടി ഓടിത്തുടങ്ങി, ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

റിയാസി (ജമ്മു-കശ്മീർ): ചരിത്ര നിമിഷത്തിന് സാക്ഷിയായി ശിവാലിക് താഴ്വര. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിൽ കൂടിയുള്ള ആദ്യ തീവണ്ടി ഓട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റത്തൂണിൽ 96 കേബിളുകളുടെ കരുത്തിൽ നിൽക്കുന്ന അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലമാണ് ചെനാബ്. നദിയില്‍ നിന്ന് 359 മീറ്ററാണ് ഉയരം, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, നീളം 1100 മീറ്റര്‍, ചെലവ് 1486 കോടി രൂപ, ആര്‍ച്ചിന്റെ ഭാരം 13000 മെട്രിക് ടണ്‍, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് സാധിക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചായിരുന്നു നിർമ്മാണം. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്. പാലത്തിന് 120 വര്‍ഷത്തെ ആയുസ്. തീവണ്ടികള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം.
ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽപ്പാത. വന്ദേ ഭാരതാണ് ഈ പാതയിലൂടെയുള്ള ആദ്യ സർവീസ്. കത്രയിലേക്കുള്ള പാതയിലാണ് ഈ പാലം.
വൈഷ്ണോദേവി ക്ഷേത്രം ഉൾപ്പെടുന്ന കത്ര പ്രദേശത്തേക്ക് ദിവസവും ഒട്ടേറെ ഭക്തർ എത്തുന്നു. ഇതുവരെ കാൽനടയായോ ബോട്ടുമാർഗം മാത്രമോ പോകാവുന്ന സ്ഥലത്തേക്കാണ് ഇനി തീവണ്ടിയെത്തുക. 272 കിലോമീറ്റർ ദൈർഘ്യത്തിൽ 38 തുരങ്കങ്ങളും 927 പാലങ്ങളുമുള്ള കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ പാത ആധുനികകാലത്തെ നിർമാണ അദ്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നു. ചെനാബ് പാലത്തിന് നദീനിരപ്പിൽനിന്ന് 359 മീറ്റർ ഉയരമുണ്ട്.
19-ാം നൂറ്റാണ്ടിനൊടുവിൽ കശ്മീരിലെ മഹാരാജാ പ്രതാപ് സിങ്ങിന്റെ ഭരണകാലത്താണ് കത്രയിലേക്ക് റെയിൽപ്പാത എന്ന ആശയം ഉയർന്നത്. ബ്രിട്ടീഷുകാരായ എൻജിനിയർമാരാണ് സാധ്യതാപഠനം നടത്തിയത്. പിന്നീട് പദ്ധതി നിലച്ചു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ, 1983-ൽ തറക്കല്ലിട്ടെങ്കിലും നിർമാണം സാവധാനത്തിലായിരുന്നു. എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കേ പദ്ധതി വിപുലീകരിച്ചു. 2002-ൽ ഉധംപുർ-ശ്രീനഗർ-ബാരാമുള റെയിൽവേ ലൈൻ കേന്ദ്രപദ്ധതിയായി പ്രഖ്യാപിച്ചു. ഇതിന്റെഭാഗമായ ക്വാസിഗുണ്ഡ്- ബാരാമുള പാത 2009-ലും ബനിഹാൽ-ക്വാസിഗുണ്ഡ് ലൈൻ 2013-ലും ബനിഹാൾ-സങ്കൽദാൻ ലൈൻ 2023-ലും ഉദ്ഘാടനംചെയ്തിരുന്നു.
വെറും ഒരൊറ്റത്തൂണിന്റെ ശക്തിയില്‍ 96 കേബിളുകളില്‍ നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന നിര്‍മ്മിതിയാണ് അന്‍ജി പാലം. 2018 മുതല്‍ എൻജിനിയര്‍മാര്‍ ഉള്‍പ്പെടെ 400 ജീവനക്കാരുടെ കഠിനപ്രയത്‌നമാണിത്.ഇന്ത്യയുടെ ആദ്യത്തെ കേബിള്‍ റെയില്‍പ്പാലം. 473 മീറ്ററാണ് പാലത്തിന്റെ നീളം. ഉയരം: 193 മീറ്റര്‍. ഇത് നിര്‍മ്മിക്കുവാനായി 473 കിലോമീറ്റര്‍ കേബിളുകള്‍ ഉപയോഗിച്ചു. നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരം, ചെലവ് 435 കോടി.
കത്രയെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഷെഡ്യൂളുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. കത്രയിൽ നിന്ന് രാവിലെ 8.10ന് പുറപ്പെട്ട് രാവിലെ 11.08ന് ശ്രീനഗറിൽ (26401) എത്തും. അവിടെ നിന്ന് തിരിച്ച് ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ട് വൈകിട്ട് 4.48ന് കത്രയിൽ (26402) എത്തുന്ന ഒരു സർവീസ്. മറ്റൊരു ട്രെയിൻ, ശ്രീനഗറിൽ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട് 10.58ന് കത്രയിൽ എത്തും (26404). അവിടെ നിന്ന് തിരിച്ച് കത്രയിൽ നിന്ന് ഉച്ചയ്ക്ക് 2.55ന് വിട്ട് വൈകിട്ട് 5.53-ന് ശ്രീനഗറിൽ എത്തിച്ചേരുന്ന മറ്റൊരു സർവീസ് ആണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. ഒരു ദിവസം സര്‍വീസുണ്ടാകില്ല.
1995 മാര്‍ച്ചിലാണ് ഉധംപുരിനേയും കശ്മീര്‍ താഴ്വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയേയും ബന്ധിപ്പിക്കുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത്. നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണമെന്നതായിരുന്നു ഈ റെയില്‍പാതയുടെ ഏറ്റവും വലിയ വെല്ലുവിളി. ഹിമാലയന്‍ പ്രദേശത്തുകൂടി കടുന്നുപോകുന്ന റെയില്‍വേ ലൈന്‍ പദ്ധതിക്ക് കാലാവസ്ഥയടക്കം വെല്ലുവിളിയായെങ്കിലും രാജ്യം പിന്നോട്ട് പോയില്ല. ലോകത്തിനു മുന്നില്‍ ചെനാബ് പാലവും അന്‍ജി പാലവും ഉയര്‍ത്തി. പാത ഗതാഗതയോഗ്യമാക്കി.
- ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (യു.എസ്.ബി.ആര്‍.എല്‍) -272 കി.മി.
- ലോകത്തിലെ ഏറ്റവും വലുതും അപൂര്‍വുമായ രണ്ട് പാലങ്ങള്‍: ചെനാബ് പാലം, അന്‍ജിഖഡ് പാലം.
- 38 തുരങ്ക പാതകള്‍ (ടണല്‍)-ആകെ 119 കിലോമീറ്റര്‍ ദൈര്‍ഘ്യം.
- തീവണ്ടികളുടെ വേഗം: 110 കി.മി.
- ആകെ ചെലവ്: 37,200 കോടി രൂപ.
Content Highlights: Chenab Bridge & Anji Khad Bridge: Transforming Jammu & Kashmir's Connectivity