ചന്ദ്രയാന്‍ 3 നാളെ കുതിക്കും; മിനിയേച്ചര്‍ മോഡലുമായി തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി ശാസ്ത്രജ്ഞര്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്ര സംഘം. വ്യാഴാഴ്ച രാവിലെ ചന്ദ്രയാന്‍ 3 പേടകത്തിന്റെ മിനിയേച്ചര്‍ മോഡലുമായാണ് ശാസ്ത്രജ്ഞര്‍ തിരുപ്പതിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്. സംഘം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ 3 കുതിച്ചുയരുക. കാലാവസ്ഥ ഉള്‍പ്പെടെ എല്ലാ സാഹചര്യവും അനുകൂലമാണെങ്കില്‍ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-ന് തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം ഐ.എസ്.ആര്‍.ഒ പൂര്‍ത്തിയാക്കി കഴിഞ്ഞു.
2019-ലെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ ഒരുക്കിയിട്ടുണ്ട്.
വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
Content Highlights: Chandrayaan 3 set to launch tomorrow; team of scientists visit Tirupati temple