അഴിമതി ഇല്ലാതാക്കാൻ 500, 2000 നോട്ടുകൾ പിൻവലിക്കണം- ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

ഹൈദരാബാദ്: ഉയർന്ന മൂല്യമുള്ള 500, 2000 രൂപാ നോട്ടുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ഉയർന്ന മൂല്യത്തിലുള്ള പണമിടപാടുകൾ ഇല്ലാതാക്കുന്നതിലൂടെ അഴിമതിയുടെ ശൃംഖല തകർക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സമ്പത്ത് സൃഷ്ടിക്കലും ദാരിദ്ര്യനിർമാർജനവും എളുപ്പമാക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു.
അഴിമതി ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച വഴി ഡിജിറ്റൽ കറൻസിയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
‘ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിനായി നിർദേശങ്ങൾ സമർപ്പിച്ചത് ഞാനാണ്. ഈവിഷയം പരിഗണിക്കണമെന്ന് നേരത്തേ തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഇനിയും ഇക്കാര്യം തുടർച്ചയായി ഉന്നയിക്കും. 500, 2,000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കണം. 100, 200 രൂപയുടെ നോട്ടുകൾ മാത്രമേ പ്രചാരത്തിലുണ്ടാകാവൂ’, നായിഡു പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ പത്താംവാർഷികത്തിന് തൊട്ടുപിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
Content Highlights: Andhra Pradesh CM N. Chandrababu Naidu called for scrapping high-value 500 and 2000 rupee notes., He stated that removing high-denomination currency breaks corruption networks., He advocates for digital currency and limiting physical currency to 100 and 200 rupee notes., The statement comes shortly after the tenth anniversary of demonetisation.