'ചംപായ് സോറനെ പോലീസ് നിരീക്ഷിച്ചു'; ഹേമന്ത് സോറനെതിരെ ചാരവൃത്തി ആരോപണവുമായി ഹിമന്ത ശർമ

റാഞ്ചി: ബി.ജെ.പിയില്‍ ചേര്‍ന്ന ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായ ചംപായ് സോറനെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ചാരന്മാരെ നിയോഗിച്ചിരുന്നെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആറുവര്‍ഷത്തോളം ചംപായ് സോറന്‍ നിരീക്ഷണത്തിലായിരുന്നുവെന്നും ഹിമന്ത ശര്‍മ ആരോപിച്ചു. ചംപായ് സോറനെ ബി.ജെ.പിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു ആരോപണം ഉന്നയിച്ചത്.
'ഞാനും ഒരുസംസ്ഥാനത്തിന്‍രെ മുഖ്യമന്ത്രിയാണ്. രാജ്യത്തെ ഒരു മുഖ്യമന്ത്രിയും തന്റെ മന്ത്രിമാരെ രഹസ്യമായി നിരീക്ഷിക്കില്ല. എന്നാല്‍, ഹേമന്ത് സോറന്‍ അത് ചെയ്തു. ചംപായ് സോറനെ പിന്തുടര്‍ന്നതിന് രണ്ടുപേരെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍, അവരെ സുരക്ഷയ്ക്കായി നിയോഗിച്ചതാണെന്നായിരുന്നു ഹേമന്ത് സോറന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് അവരുടെ കൈവശം ആയുധങ്ങളോ തോക്കോ ഇല്ലാതിരുന്നത്?', ഹിമന്ത ശര്‍മ ചോദിച്ചു.
'ആറുമാസത്തോളം ചംപായ് സോറന്‍ ഝാര്‍ഖണ്ഡ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതെങ്കിലുമൊരു മുഖ്യമന്ത്രി ഇങ്ങനെയൊരു കാര്യംചെയ്യുന്നത് ഞാനിതുവരെ കേട്ടിട്ടില്ല. ഹേമന്ത് സോറന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്, ഇതിന് തക്കതായ മറുപടി രണ്ടുമാസത്തിനുള്ളില്‍ ഞങ്ങള്‍ നല്‍കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ.എം.എം. വിട്ട ചംപായ് സോറന്‍ വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹന്‍, ഹിമന്ത ശര്‍മ, ഝാര്‍ഖണ്ഡ് ബി.ജെ.പി. അധ്യക്ഷന്‍ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ റാഞ്ചിയില്‍വെച്ചായിരുന്നു അദ്ദേഹം അംഗത്വമെടുത്തത്.
Content Highlights: ‘Champai Soren was under surveillance by Jharkhand Police': Himanta Biswa Sarma's claim