സാമ്പത്തിക സംവരണത്തിൽ വിധി തിങ്കളാഴ്ച; ചീഫ് ജസ്റ്റിസ് അടങ്ങിയ അഞ്ചംഗ ബെഞ്ച് വിധിപ്രസ്താവിക്കും

Photo: PTI
Photo: PTI

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പത്തു ശതമാനം സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും.

വിഷയവുമായി ബന്ധപ്പെട്ട 103-ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവിക്കുക.

തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാണ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹര്‍ജികള്‍. സെപ്റ്റംബര്‍ 27-നായിരുന്നു ഏഴ് ദിവസം നീണ്ട വാദം കേള്‍ക്കല്‍ അവസാനിച്ചത്. തുടര്‍ന്ന് വിധി പ്രസ്താവനയ്ക്കായി മാറ്റിവെക്കുകയായിരുന്നു.


 


 

Content Highlights: Challenge to EWS quota- Supreme Court verdict on Monday