സൈബർ കുറ്റകൃത്യങ്ങളെ തടയാൻ കേന്ദ്രത്തിന്റെ 'സൈബർ കമാൻഡോസ്'; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ

അമിത് ഷാ  |ഫോട്ടോ:ANI
അമിത് ഷാ |ഫോട്ടോ:ANI

ന്യൂഡൽഹി: സൈബറിടങ്ങളിൽ കുറ്റകൃത്യം തടയാനുള്ള പദ്ധതികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കുറ്റകൃത്യം തടയുന്നതിനായി സൈബർ കമാൻഡോസ് പദ്ധതി ഒരുങ്ങുന്നതായി അമിത് ഷാ അറിയിച്ചു. ഡാറ്റാ രജിസ്ട്രിയും സൈബർ കുറ്റകൃത്യങ്ങൾ പങ്കുവെക്കുന്നതിനുള്ള വെബ് പോർട്ടലും സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കുറ്റകൃത്യങ്ങളെ തടയാൻ പാകത്തിൽ സംശയാസ്പദമായ കാര്യങ്ങൾ ഇതിലൂടെ പങ്കുവെക്കും. 

അയ്യായിരത്തോളം വരുന്ന സൈബർ കമാൻഡോകളെ, പരിശീലനം നൽകി സൈബർ കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടി നിയോഗിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചത്. ഡൽഹിയിൽ വെച്ച് നടന്ന ഐ4സി (Indian Cybercrime Coordination Centre) യുടെ ആദ്യ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, ടെലികോം സേവന ദാതാക്കൾ, ഐ.ടി. ഇടനിലക്കാർ, സംസ്ഥാന - കേന്ദ്രഭരണപ്രദേശങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികൾ തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് സൈബറിടങ്ങളിലെ തട്ടിപ്പുകളെ കുറച്ചു കൊണ്ടുവരാനുള്ള പദ്ധതിക്ക് (സി.എഫ്.എം.സി) രൂപം കൊടുക്കുമെന്നും അമിത് ഷാ അറിയിച്ചു.  എല്ലാം ഏജൻസികളും ഒന്നായി പ്രവർത്തിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ മേവത്, ജാംതാര, അഹമ്മദാബാദ്, ഹൈദരാബാദ്, ഛണ്ഡീഗഢ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളിൽ സൈബർ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നല്ല പ്രതികരണമാണ് ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ4സിയുടെ ഭാഗമായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'ലക്ഷ്യത്തിലെത്താൻ വേണ്ടി നമുക്ക് കൃത്യമായ ഒരു തന്ത്രം മെനയേണ്ടതുണ്ട്. ഒപ്പം ഒന്നിച്ച് ഒരേ ദിശയിലൂടെ മുമ്പോട്ട് പോകണം' അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും പരിശീലനം ലഭിച്ച പ്രത്യേക സംഘമായിരിക്കും സൈബർ കമാൻഡോ പദ്ധതിക്ക് കീഴിലുണ്ടാവുക. ഡിജിറ്റൽ ഇടം സുരക്ഷിതമാക്കാൻ സൈബർ കമാൻഡോകൾ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജൻസികളെയും സഹായിക്കും. സിബിഐ, പോലീസ് അടക്കമുള്ള ഇടയങ്ങളിലും പരിശീലനം ലഭിച്ച സൈബർ കമാൻഡോകളെ നിയോഗിക്കുമെന്നാണ് വിവരം.

Content Highlights: Centre Steps To Curb Cybercrime Cyber Commandos