സംസ്ഥാന സർക്കാരുകളോട് മതാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രസമിതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡൽഹി: അനധികൃത കുടിയേറ്റവും അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളും പഠിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി സംസ്ഥാന സർക്കാരുകളോട് മതാടിസ്ഥാനത്തിൽ വിവരങ്ങൾ ആവശ്യപ്പെട്ടു. ഭരണഘടനയുടെ മതേതര തത്വങ്ങൾ മുൻനിർത്തി വിവിധ സർക്കാർ വകുപ്പുകളിൽ മതാടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കാത്തതിനാൽ ഈ വിവരങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകാൻ സാധിച്ചിട്ടില്ല.

സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് മേയ് 26-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സമിതി രൂപീകരിച്ചത്. കഴിഞ്ഞ 15 വർഷത്തെ മതാടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് സമിതി സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, മുസ്ലിം, പാർസി, ബുദ്ധ മതവിഭാഗങ്ങളുടെ വിവരങ്ങളാണ് സമിതി ചോദിച്ചത്. ജനന രജിസ്‌ട്രേഷൻ, വാഹന രജിസ്‌ട്രേഷൻ, സ്‌കൂൾ പ്രവേശനം, സ്വത്ത് ഇടപാടുകൾ, വോട്ടർ ഐ.ഡി, ആധാർ, റേഷൻ കാർഡ് എന്നിവയിലെ പെട്ടെന്നുള്ള വർദ്ധനവ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന മതവും തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും ഒഴികെ മറ്റൊന്നിന്റെയും മതാടിസ്ഥാനത്തിലുള്ള കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പട്ടികവർഗ്ഗ മേഖലകളിലെ മതപരിവർത്തനം, റേഷൻ കാർഡുകളുടെ വിതരണം, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും ജി.ഐ.എസ്. മാപ്പിങ്, തടങ്കൽ പാളയങ്ങളുടെ വിവരങ്ങൾ എന്നിവയും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ വോട്ടർ പട്ടികയിലെ എസ്‌ഐആർ നടപടികളിൽ പുറത്താക്കപ്പെട്ട സംശയാസ്പദരായ വിദേശ പൗരന്മാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും ഇതുവരെ സമിതിക്ക് കൈമാറിയിട്ടില്ല.