കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി; ഇന്ദിരാ ഗാന്ധിയും പുറത്ത്, ഇനി പ്രധാനമന്ത്രി മാത്രം

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ പേരുവെട്ടിയപോലെ കേന്ദ്രപദ്ധതികളുടെ പേരിൽനിന്ന് ഇന്ദിരാഗാന്ധിയെയും ഒഴിവാക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാൻ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി എന്നിവയ്ക്ക് യഥാക്രമം പ്രധാനമന്ത്രി വയോവൃദ്ധ പെൻഷൻ യോജന, പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന, പ്രധാനമന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന എന്നിങ്ങനെ പേരുകൾ നൽകി. ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ.എസ്.എ.പി.) പ്രധാനമന്ത്രി സാമൂഹിക സഹായ യോജന എന്നും ദേശീയ കുടുംബക്ഷേമ പദ്ധതി പ്രധാനമന്ത്രി പരിവാർ ലാഭ് യോജന എന്നും മാറ്റി.
പേരുമാറ്റത്തിനൊപ്പം ഭിന്നശേഷി പെൻഷന്റെ മാനദണ്ഡങ്ങളിലും ആനുകൂല്യത്തുകയിലും മാറ്റം വരുത്തി. പെൻഷൻ ലഭിക്കുന്നതിനുള്ള കുറഞ്ഞ ഭിന്നശേഷി പരിധി 80 ശതമാനത്തിൽനിന്ന് 40 ശതമാനമായി കുറച്ചു. പ്രായപരിധി 18 വയസ്സിൽനിന്ന് ജനനം മുതൽ എന്നാക്കി. ഇതോടെ കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും.
പുതുക്കിയ വ്യവസ്ഥപ്രകാരം 79 വയസ്സുവരെയുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസം 375 രൂപയും 80 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് 625 രൂപയുമാണ് കേന്ദ്രസഹായം.
അഞ്ചുവർഷത്തേക്ക് 53,428 കോടി രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 3.2 കോടി ഗുണഭോക്താക്കൾക്കാണ് സഹായം ലഭിക്കുക. വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ, കുടുംബനാഥൻ മരിച്ച നിർധന കുടുംബങ്ങൾ എന്നിവരാണ് പദ്ധതിയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാമൂഹിക സുരക്ഷാ പദ്ധതിയുടെ നാലാമത്തെ ഉപപദ്ധതിയായ അന്നപൂർണ നിർത്തലാക്കിയോയെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല.
Content Highlights: Central schemes named after Indira Gandhi have been renamed, removing her name, as decided in a cabinet meeting led by Narendra Modi.