ഡൽഹി പ്രക്ഷുബ്ധം: ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് രണ്ടാംദിനവും പ്രതിഷേധം; യോഗേന്ദ്ര യാദവ് അടക്കമുള്ളവർ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിനെതിരേ കടുത്ത നടപടികളുമായി പോലീസ്. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ഐസ-എഐഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഡൽഹി പൊലീസിന്റെയും സുരക്ഷാസേനയുടെയും കടുത്ത നിയന്ത്രണങ്ങൾ മറികടന്നാണ് വിവിധ രാഷ്ട്രീയ, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.
ജന്തർ മന്തറിലേക്ക് പ്രവേശിക്കാനാണ് പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസ് തടയുകയായിരുന്നു. പ്രക്ഷോഭകരെ തടയുന്നതിനായി ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡുകൾ വെച്ച് പൂർണമായി അടച്ചു. അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നിലവിൽ ഡൽഹി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതു വിദ്യാർഥി സംഘടനകളാണ് നിലവിൽ ജന്തർ മന്തർ പരിസരത്ത് ശക്തമായ പ്രതിഷേധം തുടരുന്നത്.
കഴിഞ്ഞ ദിവസം എസ്.എഫ്.ഐ.-ഡി.വൈ. എഫ്.ഐ. പ്രവർത്തകരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നതെങ്കിൽ ഇന്ന് ഐസ-എ.ഐ.എസ്.എഫ്. പ്രവർത്തകരാണ് രംഗത്തുള്ളത്. കഴിഞ്ഞദിവസം എൻ.എസ്.യു.- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധം പകുതിയിൽവെച്ച് അവസാനിച്ചിരുന്നു. ഉദയ ഭാനു ചിബിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മടങ്ങി പോകുകയായിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്ത മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങി വിവിധ എഎപി, കോൺഗ്രസ് യൂത്ത് വിംഗ്, ഇടത് വിദ്യാർഥി സംഘടന പ്രവർത്തകരുമടക്കം ആയിരത്തോളം പേരെ ഡൽഹി പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ജന്തർ മന്തറിലേക്ക് മാർച്ച്. 10-ാം തീയതിവരെ ജന്ത മന്തറിനകത്തേക്ക് ആരെയും കടത്തിവിടില്ലെന്നാണ് ഡൽഹി പോലീസ് അറിയിച്ചിരിക്കുന്നത്. സമരം ജന്തർ മന്തറിൽമാത്രം ഒതുങ്ങില്ലെന്നും രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രമടക്കം ഉയർത്തിയാണ് പ്രതിഷേധക്കാർ എത്തിയിരിക്കുന്നത്. ഒരു വ്യക്തിയെ സംരക്ഷിക്കാൻ പതിനായിരക്കണക്കിന് പൊലീസുകാരെയാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതെന്ന് എഐഎസ്എ പ്രസിഡന്റ് നേഹ ബോറ കുറ്റപ്പെടുത്തി. പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ ഡൽഹി പൊലീസിനോ കേന്ദ്ര സർക്കാറിനോ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പറഞ്ഞു.
നിയമവിരുദ്ധമായി തടിച്ചുകൂടിയതിനും പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിനും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം മൂന്ന് എഫ്.ഐ.ആറുകൾ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: Protests erupted in New Delhi demanding the resignation of Chief Election Commissioner Gyanesh Kumar., Clashes broke out at Jantar Mantar as Delhi Police blocked demonstrators using barricades and heavy security., Multiple student and political organizations, including AISA and AISF, participated in the march., Delhi Police registered FIRs under BNS Section 223 and detained numerous protesters., Protesters vowed to expand the agitation nationwide despite heavy restrictions and prohibitory orders.