ബംഗാള്‍ പോലീസും സി.ബി.ഐയും നേര്‍ക്കുനേര്‍; ഷെയ്ഖ് ഷാജഹാനായി ഉദ്യോഗസ്ഥര്‍ വീണ്ടും പോലീസ് ആസ്ഥാനത്ത്

കൊല്‍ക്കത്ത: സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സി.ബി.ഐയും പശ്ചിമ ബംഗാള്‍ പോലീസും വീണ്ടും നേര്‍ക്കുനേര്‍. ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറാനായി കല്‍ക്കട്ട ഹൈക്കോടതി രണ്ടാമതും നല്‍കിയ സമയം അവസാനിച്ചതോടെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ബംഗാള്‍ പോലീസിന്റെ ആസ്ഥാനത്തെത്തി. എന്നാല്‍ സുപ്രീം കോടതിയുടെ തീരുമാനം വരട്ടേയെന്ന നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും മാറാതെ തുടരുകയാണ് ബംഗാള്‍ സര്‍ക്കാര്‍.
ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് ഷെയ്ഖ് ഷാജഹാനെ കൈമാറണമെന്നായിരുന്നു ഹൈക്കോടതി പോലീസിനോട് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ പോലീസ് ഇത് അവഗണിച്ചു. സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പോലീസ് ആസ്ഥാനത്തെത്തി ഏറെ നേരം കാത്തിരുന്നെങ്കിലും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്ന് തിരിച്ചു പോകുകയായിരുന്നു.
തുടര്‍ന്ന് ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സി.ഐ.ഡി) ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ഷാജഹാനെ ബുധനാഴ്ച വൈകീട്ട് 04:15-നകം സി.ബി.ഐക്ക് കൈമാറണമെന്നും ജസ്റ്റിസ് ഹരീഷ് ടണ്ഡന്‍, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ ഇതും പോലീസ് അവഗണിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപ്പീലില്‍ വിധി വന്ന ശേഷം ഷെയ്ഖ് ഷാജഹാനെ കൈമാറുന്ന കാര്യം പരിഗണിക്കാം എന്നാണ് പോലീസിന്റെ നിലപാട്. അതേസമയം അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു.
Content Highlights: CBI Team At Bengal Police Headquarters For Sheikh Shahjahan As Court Deadline Ends