അഴിമതിക്കേസ്: സത്യപാല്‍ മാലിക്കിനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ പ്രവൃത്തികള്‍ അനുവദിച്ചതില്‍ നടന്ന അഴിമതി ആരോപണത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. മാലിക്കിനെയും മറ്റ് അഞ്ച് പേരെയും പ്രതികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ആരോടും സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും സത്യപാല്‍ മാലിക് എക്‌സില്‍ പ്രതികരിച്ചു. നിരവധി അഭ്യുദയകാംക്ഷികളില്‍ നിന്ന് തനിക്ക് കോളുകള്‍ വരുന്നുണ്ടെന്നും അവ എടുക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ മാലിക്കിന്റെയും മറ്റുള്ളവരുടെയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. 2022-ല്‍ ആണ് അഴിമതി ആരോപണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2019-ല്‍ കിരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ (എച്ച്ഇപി) പദ്ധതിയുടെ ഏകദേശം 2,200 കോടി രൂപയുടെ പ്രവൃത്തികള്‍ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് കേസെന്ന് സിബിഐ പറഞ്ഞിരുന്നു.
2018 ഓഗസ്റ്റ് 23 മുതല്‍ 2019 ഒക്ടോബര്‍ 30 വരെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു മാലിക്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അംഗീകരിക്കുന്നതിന് തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ പരാതിയില്‍ അഴിമതിയില്‍ ഉള്‍പ്പെട്ട ആളുകളെ അന്വേഷിക്കുന്നതിന് പകരം തന്റെ വസതിയാണ് സിബിഐ റെയ്ഡ് ചെയ്തതെന്നും മാലിക് പറയുകയുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
Content Highlights: Kiru hydropower corruption case: CBI files chargesheet against former J-K governor Satyapal Malik