2,684 കോടിയുടെ എൽ.ഐ.സി തട്ടിപ്പ്; അനിൽ അംബാനിക്കെതിരേ സി.ബി.ഐ. കേസ്

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിക്കെതിരേ കേന്ദ്രാന്വേഷണ ഏജൻസിയായ സി.ബി.ഐ. കേസെടുത്തു. റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് ഏകദേശം 2,684 കോടി രൂപയുടെ വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിലാണ് കേസ്. എൽ.ഐ.സി. നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ഇത് നിഷ്‌ക്രിയ ആസ്തിയായി മാറിയതാണ് നിയമനടപടിക്ക് കാരണമായത്.
2012 ഏപ്രിൽ 12-നും 2018 മാർച്ച് 9-നുമിടയിൽ റിലയൻസ് ക്യാപിറ്റൽ പുറപ്പെടുവിച്ച അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലായി (എൻ.സി.ഡി) ആകെ 3,900 കോടി രൂപ നിക്ഷേപിച്ചതായി എൽ.ഐ.സി. നൽകിയ പരാതിയിൽ പറയുന്നു. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും നിലവിലുള്ള കടങ്ങൾ വീട്ടുന്നതിനുമായിട്ടായിരുന്നു ഈ നിക്ഷേപങ്ങൾ നടത്തിയത്.
അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും നൽകി വ്യാജമായ വാഗ്ദാനങ്ങളിലൂടെയാണ് എൽ.ഐ.സിയെക്കൊണ്ട് നിക്ഷേപം നടത്തിച്ചതെന്നും തുടർന്ന് ഈ തുക വഞ്ചനാപരമായി വകമാറ്റി ചെലവഴിച്ചെന്നുമാണ് ആരോപണം. ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, അക്കൗണ്ടുകളിൽ തിരിമറിനടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റാരോപിതർക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിലൂടെ എൽ.ഐ.സിക്ക് 2,684.57 കോടി രൂപയുടെ നഷ്ടവും പ്രതികൾക്ക് തത്തുല്യമായ ലാഭവും ഉണ്ടായതായും എൽ.ഐ.സി. ആരോപിക്കുന്നു.