സി.വി ആനന്ദബോസിനെതിരായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മമതയെ വിലക്കി ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരായി അപകീര്‍ത്തികരമായതോ തെറ്റായതോ ആയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിലക്കി കല്‍ക്കട്ട ഹൈക്കോടതി. ജൂണ്‍ 28-ന് ആനന്ദബോസ് നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി നടപടി. രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ ഭയമാണെന്ന് സ്ത്രീകള്‍ തന്നോട് പരാതിപ്പെട്ടുവെന്ന മമതയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ആനന്ദബോസ് കേസ് നല്‍കിയത്.
രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം. തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തിങ്കളാഴ്ച മമത ബാനര്‍ജി കോടതിയില്‍ വ്യക്തമാക്കി.
രാജ്ഭവനുമായി ബന്ധപ്പെട്ട ചില സംഭവങ്ങളില്‍ സ്ത്രീകളുടെ ആശങ്കകള്‍ പ്രതിഫലിപ്പിക്കുക മാത്രമാണ് മമത ചെയ്തതെന്നായിരുന്നു അവരുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്തുന്നതില്‍നിന്ന് മമത ബാനര്‍ജിയേയും പുതിയ രണ്ട് എം.എല്‍.എമാരേയും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനേയും വിലക്കണമെന്ന് അഭിഭാഷകന്‍ മുഖേന ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
Content Highlights: Calcutta HC bars Mamata Banerjee from making ‘defamatory’ remark against governor CV Ananda Bose