'ഞാനാണ് ഇപ്പോഴും CEO'; 'പുറത്താക്കപ്പെട്ട'തിന് പിന്നാലെ ജീവനക്കാര്‍ക്ക് കത്തെഴുതി ബൈജു രവീന്ദ്രന്‍

ബൈജു രവീന്ദ്രൻ | Photo: Mathrubhumi
ബൈജു രവീന്ദ്രൻ | Photo: Mathrubhumi

ബെംഗളൂരു: ഇന്ത്യന്‍ വിദ്യാഭ്യാസ-ടെക് കമ്പനിയായ ബൈജൂസിന്റെ 'പുറത്താക്കപ്പെട്ട' സി.ഇ.ഒ. ബൈജു രവീന്ദ്രന്‍ പുതിയ നീക്കവുമായി രംഗത്ത്. ബൈജൂസിന്റെ സി.ഇ.ഒ. ഇപ്പോഴും താനാണെന്നും അതിലൊരു മാറ്റവുമില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ശനിയാഴ്ച ജീവനക്കാര്‍ക്ക് കത്തെഴുതിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈജു രവീന്ദ്രനേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പുറത്താക്കാന്‍ കഴിഞ്ഞ ദിവസമാണ് ഓഹരിയുടമകള്‍ അസാധാരണ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. യോഗതീരുമാനം നിയമവിരുദ്ധമാണെന്ന് ബൈജൂസ് പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു രവീന്ദ്രന്റെ പുതിയ നീക്കം.

'നമ്മുടെ കമ്പനിയുടെ സി.ഇ.ഒ. എന്ന നിലയിലാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ കത്ത് എഴുതുന്നത്. മാധ്യമവാര്‍ത്തകളില്‍ നിങ്ങള്‍ വായിച്ചതിന് വിരുദ്ധമായി ഞാന്‍ ഇപ്പോഴും കമ്പനിയുടെ സി.ഇ.ഒയായി തുടരുകയാണ്. ബൈജൂസിന്റെ മാനേജ്‌മെന്റിലോ ബോര്‍ഡിലോ ഒരുമാറ്റവുമില്ല -ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഓഹരിയുടമകളുടെ യോഗത്തിലെ തീരുമാനം അസാധുവാണെന്ന് കത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. 

നടത്തിപ്പിലെ പിടിപ്പുകേടും പരാജയവും ആരോപിച്ചാണ് ബൈജൂസ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് ബൈജു രവീന്ദ്രനേയും കുടുംബാംഗങ്ങളേയും പുറത്താക്കാന്‍ ഓഹരിയുടമകള്‍ തീരുമാനിച്ചത്. യോഗത്തില്‍ 60 ശതമാനം ഓഹരിയുടമകള്‍ പങ്കെടുത്തതായും എല്ലാവരും പുറത്താക്കലിനെ അനുകൂലിച്ച് വോട്ടുചെയ്തതായും യോഗം വിളിച്ച നിക്ഷേപ കമ്പനിയായ പ്രോസസ് അറിയിച്ചിരുന്നു. 

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ ബൈജു രവീന്ദ്രനും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നില്ല. ചെറിയൊരു വിഭാഗം ഓഹരിയുടമകള്‍ മാത്രം പങ്കെടുത്ത യോഗത്തിലെ തീരുമാനം അസാധുവാണെന്നാണ് ബൈജൂസിന്റെ വാദം. വെള്ളിയാഴ്ചത്തെ യോഗത്തിനെതിരേ ബൈജു രവീന്ദ്രന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ അടുത്ത വാദംകേള്‍ക്കുന്നത് മാര്‍ച്ച് 13-നാണ്. അതുവരെ യോഗതീരുമാനങ്ങള്‍ നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. അതിനാല്‍ പുറത്താക്കല്‍ നടപടി ഉടന്‍ നടപ്പാക്കാന്‍ യോഗം വിളിച്ച ഓഹരിയുടമകള്‍ക്ക് കഴിയില്ല. 

Content Highlights: 'I continue to remain CEO of Byjy's', says Byju Raveendran in a letter to staffs