യുഗാന്ത്യം: ചുവപ്പുരാശിയിലെഴുതിയ ബംഗാളിന്റെ ബുദ്ധചരിത്രം

ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കൊപ്പം മൺമറയുന്നത് ഒരു വലിയ യുഗമാണ്. വിപ്ലവം വിളഞ്ഞ വംഗനാടിന്റെ മണ്ണിൽ ആ വിപ്ലവം വീര്യംചോർന്ന് പാർട്ടി ശോഷിച്ചുപോകുന്നതിനുകൂടി സാക്ഷ്യംവഹിക്കേണ്ടിവന്നാണ് യുഗസമാനമായ ആ ജീവിതം അസ്തമിച്ചത്. ബംഗാളിനെ വികസനക്കുതിപ്പിന്റെ കാലത്തേയ്ക്ക് വഴിനടത്താൻ നടത്തിയ ശ്രമങ്ങൾ ഒന്നൊന്നായി തിരിച്ചടിക്കുകയും പ്രതിനായകപരിവേഷവുമായി ഭരണത്തിൽനിന്ന് പടിയിറങ്ങുകയുമായിരുന്നു അദ്ദേഹം. എങ്കിലും, ബുദ്ധദേവിനെ ഒഴിച്ചുനിർത്തിക്കൊണ്ടൊരു ചരിത്രം ബംഗാളിനോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ അസാധ്യമാണ്. അത്രമേൽ സമ്പന്നമാണ് ചുവപ്പ് അക്ഷരങ്ങളിൽ കോറിയിട്ട ആ ജീവിതപന്ഥാവും അത് പിൻതലമുറകൾക്ക് പകർന്നുതരുന്ന വിപ്ലവപാഠങ്ങളും.
1944 മാര്‍ച്ച് 1 ന് കല്‍ക്കട്ടയിലാണ് ജനനം.കല്‍ക്കട്ടയിലെ സൈലേന്ദ്ര സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കല്‍ക്കട്ട പ്രസിഡന്‍സി കോളേജില്‍ നിന്നും ബംഗാളി ഭാഷയില്‍ ബിരുദം നേടി. 1966-ൽ സിപിഎം അംഗമായിട്ടായിരുന്നു ഭട്ടാചാര്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. 1966ല്‍ സി.പി.ഐ(എം) അംഗമായി.1968ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971ല്‍ സി.പി.ഐ(എം) പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും തുടര്‍ന്ന് 1982ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.1984ല്‍ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു.1985ല്‍ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു.
ജ്യോതിബസുവിന് ശേഷം ബംഗാളിൽ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. ലാളിത്യവും സത്യസന്ധതയും കൈമുതലാക്കിയാണ് നേതൃനിരയിലേക്ക് അദ്ദേഹമെത്തിയത്. ബസുവിന്റെ സര്‍ക്കാരില്‍ അംഗമായി 1977 മുതല്‍ അദ്ദേഹം ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രിയായാണ് തുടക്കം. 1999-ല്‍ ജ്യോതി ബസു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ ഭട്ടാചാര്യ 2000-ല്‍ ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്തെത്തി. 2000 മുതല്‍ 2011 വരെ മൂന്ന് തവണ ബംഗാളിന്റെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 20 വര്‍ഷത്തോളം പശ്ചിമബംഗാളിന്റെ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക മന്ത്രിയായും ഉപമുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വടക്കന്‍ കൊല്‍ക്കത്തയിലെ കാശിപുര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യം നിയമസഭയിലേക്കെത്തിയത്. അക്കുറിതന്നെ മന്ത്രിയുമായി. 1982-ല്‍ അതേ മണ്ഡലത്തില്‍ തോല്‍വിയറിഞ്ഞതോടെയാണ് പോരാട്ടം കാശിപുരില്‍നിന്ന് ജാദവ്പുരിലേക്ക് മാറ്റിയത്. കൊല്‍ക്കത്ത കോര്‍പ്പറേഷനിലെ പത്ത് വാര്‍ഡുകളടങ്ങുന്ന ജാദവ്പുര്‍ മണ്ഡലത്തിന് വിഐപി പരിവേഷം നല്‍കിയ ഇടതുനേതാവായിരുന്നു അദ്ദേഹം. 2000-ലാണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 1987 മുതല്‍ തുടര്‍ച്ചയായ അഞ്ച് തവണ ഇവിടെനിന്ന് മത്സരിച്ച് ജയിച്ചു. എന്നാല്‍ 2011-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബുദ്ധദേവിനും ഇടതുശക്തികള്‍ക്കും ബംഗാളില്‍ അടിതെറ്റി. 2011-ല്‍ ഇവിടെ മുന്‍ ചീഫ് സെക്രട്ടറി കൂടിയായ തൃണമൂല്‍ നേതാവ് മനീഷ് ഗുപ്തയാണ് കന്നിയങ്കത്തില്‍ ബുദ്ധദേബിനെ പരാജയപ്പെടുത്തിയത്. അതോടെ സ്വന്തം മണ്ഡലത്തില്‍ പരാജയം രുചിച്ച രണ്ടാമത്തെ ബംഗാള്‍ മുഖ്യമന്ത്രിയായി മാറി ഭട്ടാചാര്യ. പിന്നാലെ രാജി വെച്ചൊഴിഞ്ഞു.
ഭരണകാലത്ത് തന്നെ നിരവധി വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു ഈ നേതാവ്. ബംഗാളില്‍ വ്യവസായവിപ്ലവം ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം നീര്‍ച്ചുഴിയിലകപ്പെട്ടു. ടാറ്റയ്ക്ക് വേണ്ടി സിംഗൂരില്‍ ഭൂമി നല്‍കിയത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചു.
ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക ഭൂമി കുത്തക മുതലാളിമാര്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി പതിച്ചു നല്‍കിയ നടപടിയു പ്രധിഷേധ സമരങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് 2007 മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്.
2011ല്‍ 9 പേരുടെ മരണത്തിനിടയാക്കിയ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ നേതായി കൂട്ടക്കൊല സംബന്ധിച്ച തുറന്നുപറച്ചിലുകളും വിവാദത്തിന് വഴിയൊരുക്കി. ബാബ്‌റി മസ്ജിദ് തകര്‍ന്നതിന്റെ പതിനഞ്ചാം വാര്‍ഷികം ആചരിക്കുന്ന ഒരു ചടങ്ങില്‍ ശ്രീരാമന്‍ ജനിച്ചതും ജീവിച്ചതുമെല്ലാം കവികളുടെയും കഥാകാരന്‍മാരുടെയും ഭാവനയില്‍ മാത്രമായിരുന്നുവെന്നും രാമസേതു പ്രകൃതിയില്‍ സ്വഭാവികമായി രൂപപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വീണ്ടും വിമര്‍ശനങ്ങള്‍ക്കിട വരുത്തി.
ബംഗാളില്‍ 2011ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ തിരിച്ചടി മുതല്‍ സ്ഥാനങ്ങളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി പലതവണ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സിപിഎം നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് 2018ലാണ് സിപിഎമ്മിന്റെ എല്ലാം ഔദ്യോഗിക പദവികളില്‍ നിന്നും ബുദ്ധദേവ് ഭട്ടാചാര്യ ഒഴിഞ്ഞത്. ശ്വാസകോശ സംബന്ധമായ രോഗമുള്ളതിനാല്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവായ ഭട്ടാചാര്യ 2019 മാര്‍ച്ച് മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം.
Content Highlights: buddhadeb bhattacharya political life