കഴിവുകെട്ട, യോഗ്യതയില്ലാത്ത പ്രധാനമന്ത്രി; ദേശീയപാര്‍ട്ടി പ്രഖ്യാപനത്തിന് പിറകെ മോദിക്കെതിരെ BRS

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് ഭാരത് രാഷ്ട്ര സമിതിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് ബി.ആർ.എസ്. പാര്‍ട്ടി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവുവാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളിയാഴ്ച രംഗത്തെത്തിയത്. ഏറ്റവും കഴിവുകെട്ട, യോഗ്യതയില്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് കെ.ടി.ആർ വിമർശിച്ചു.
'മോദി പ്രധാനമന്ത്രിയല്ല, 'പ്രചാരമന്ത്രി'യാണ്. മോദിയുടെ 'മന്‍ കി ബാത്ത്' നാം കേൾക്കണം, എന്നാല്‍ 'ജന്‍ കി ബാത്ത്' (ജനങ്ങള്‍ക്ക് പറയാനുള്ളത്) കേള്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല. പോരാടാനും കാത്തിരിക്കാനും ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് ക്ഷമയുണ്ട്. കേന്ദ്ര ഏജന്‍സികൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള ആക്രമണം ഞങ്ങള്‍ക്കെതിരെ ഉണ്ടായേക്കാം. അവരില്‍ നിന്നുള്ള ഏത് ആക്രമണം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് ഞങ്ങള്‍ക്കറിയാം', കെ.ടി.ആര്‍. പറഞ്ഞു.
ഇ.ഡി, ഇന്‍കം ടാക്‌സ്, സി.ബി.ഐ. തുടങ്ങിയ ഏജൻസികൾ ഉപയോഗിച്ച് വേട്ടയാടുന്നതാണ് മോദിയുടെ പ്രവര്‍ത്തനരീതിയെന്ന് 'മോദി ഓപ്പറാന്‍ഡി' എന്ന വാക്ക് ഉപയോഗിച്ച് രാമറാവു വിമര്‍ശിച്ചു. ഇത്തരം കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയുടെ ഒരു ഭാഗമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. 'അവര്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ല. ഞങ്ങള്‍ അവരെ എതിര്‍ത്ത് തോല്‍പ്പിക്കും', കെ.ടി.ആര്‍. പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് ബി.ജെ.പി. അധികാരത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് ബി.ആര്‍.എസ്. എന്ന് മാറ്റി ദേശീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രഖ്യാപനം നടത്തിയത്. 2014-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് പാർട്ടിയുടെ മാറ്റം. പേരുമാറ്റം സംബന്ധിച്ച വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്. കമ്മിഷന്റെ ചട്ടങ്ങൾക്കനുസൃതമായാവും ദേശീയ പാർട്ടിയായി ബി.ആർ.എസിന് അംഗീകാരം ലഭിക്കുക.
Content Highlights: Modi Operandi, KCR, BRS, Narendra Modi, BJP, Malayalam News