‘യുഎൻ രക്ഷാസമിതി പരിഷ്കരണം വൈകിക്കരുത്’: പ്രധാനമന്ത്രി മോദിയുടെ നിലപാടിന് ഐക്യരാഷ്ട്രസഭയുടെ പിന്തുണ

#ന്യൂസ് ഡെസ്ക്
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ്  ഉച്ചകോടിയുടെ രണ്ടാം ദിവസം ഭാരത് മണ്ഡപത്തിൽ വെച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു.  | PTI
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസം ഭാരത് മണ്ഡപത്തിൽ വെച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു. | PTI

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി (UNSC) അടിയന്തരമായി പരിഷ്കരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പൂർണപിന്തുണയുമായി ഐക്യരാഷ്ട്രസഭ. രക്ഷാസമിതി പരിഷ്കരണം ഇനിയും വൈകിക്കാനാകില്ലെന്ന മോദിയുടെ നിലപാടിനോട് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പൂർണമായി യോജിച്ചു.

അഞ്ച് സ്ഥിരം അംഗങ്ങൾ മാത്രമുള്ള നിലവിലെ രക്ഷാസമിതി ഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 1945-ലെ ഘടന തുടരുന്നതിന് പകരം 2026-ലെ ലോകക്രമത്തിന് അനുയോജ്യമായ മാറ്റങ്ങൾ യുഎന്നിലും മറ്റ് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലും വരണമെന്ന് യുഎൻ വക്താവ് ചൂണ്ടിക്കാട്ടി.

ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ രക്ഷാസമിതി പരിഷ്കരണത്തെക്കുറിച്ച് ശക്തമായി സംസാരിച്ചത്. നിലവിലെ ആഗോള ഭരണസംവിധാനം അധികാര കേന്ദ്രീകരണമുള്ള ഒരു പിരമിഡ് പോലെയാണെന്നും തീരുമാനങ്ങൾ ബാധിക്കുന്ന വികസ്വര രാജ്യങ്ങൾ ഭരണത്തിൽ പിൻനിരയിലാണെന്നും മോദി വ്യക്തമാക്കി. ഈ പിരമിഡ് ഘടനയെ എല്ലാവർക്കും തുല്യ ശബ്ദവും പങ്കാളിത്തവുമുള്ള ഒരു പങ്കാളിത്ത പ്ലാറ്റ്‌ഫോം ആക്കി മാറ്റണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ആഗോള ഭരണപരിഷ്കരണത്തിനായി അടുത്ത ഉച്ചകോടിക്കുള്ളിൽ 10 നിർദ്ദേശങ്ങൾ അടങ്ങിയ ബ്രിക്സ് റോഡ്‌മാപ്പ് തയ്യാറാക്കാനും പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഉച്ചകോടിക്കിടെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുകയും യുക്രൈൻ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര സംഘർഷങ്ങളിൽ സമാധാന ചർച്ചകൾക്ക് വഴിതുറക്കാൻ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് യുഎൻ വക്താവ് അഭിപ്രായപ്പെട്ടു.

Content Highlights: Prime Minister Modi calls for urgent UN Security Council reform at Brics summit, supported by UN Secretary-General's spokesperson, Stéphane Dujarric.