ബാബറി മസ്ജിദ് ഫണ്ടെവിടെ? പ്രതിപക്ഷത്തിന് പ്രീണനരാഷ്ട്രീയം- രാമക്ഷേത്രക്കൊള്ളയിൽ യുപി ഉപമുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
ബ്രജേഷ് പഥക് | Photo: PTI
ബ്രജേഷ് പഥക് | Photo: PTI

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും മുസ്ലീം വോട്ടർമാരെ ആകർഷിക്കാനായി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സനാതന സംസ്കാരത്തെ മനഃപൂർവ്വം ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അഴിമതിക്കും തെറ്റായ നടപടികൾക്കും എതിരെ സംസ്ഥാന സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്. രാമക്ഷേത്ര ഫണ്ടിനെക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ ബാബറി മസ്ജിദിനായി ശേഖരിച്ച ഫണ്ടിന് എന്ത് സംഭവിച്ചു എന്നുകൂടി ചോദിക്കാൻ തയ്യാറാകണം, അദ്ദേഹം പറഞ്ഞു.

നിലവിൽ നടക്കുന്ന പോലീസ് അന്വേഷണം തികച്ചും നിക്ഷ്പക്ഷമാണെന്നും എഫ്ഐആറിൽ ഉൾപ്പെട്ട സ്വാധീനമുള്ള വ്യക്തികൾക്കെതിരെ പോലും കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും പഥക് കൂട്ടിച്ചേർത്തു.

അതിർത്തി ജില്ലകളിലെ ചില മദ്രസകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഭീകരവാദ ഫണ്ടിങും നടക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഉപമുഖ്യമന്ത്രി ഉന്നയിച്ചു. 'പുറത്തുനിന്നുള്ള പണം ഇവിടേക്ക് എത്തുന്നുണ്ട്. അവിടെയുള്ള മൗലാനമാർ എന്താണ് ചെയ്യുന്നതെന്നും ജനങ്ങൾ ചിന്തിക്കണം.' രാഷ്ട്രീയ ലാഭത്തിനായി ക്ഷേത്രവിഷയത്തെ പ്രതിപക്ഷം അനാവശ്യമായി വിവാദമാക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

Content Highlights: UP Deputy CM Brajesh Pathak slams SP and Congress over Ram Temple donation theft allegations.