ബസിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ഗുജറാത്തിൽ

#ന്യൂസ് ഡെസ്ക്
അപകടത്തിന്റെ സിസിടിവി ദൃശ്യം, മരിച്ച ദിവ്യേഷ് റാത്വ | Photos: X
അപകടത്തിന്റെ സിസിടിവി ദൃശ്യം, മരിച്ച ദിവ്യേഷ് റാത്വ | Photos: X

വഡോദര: നിർത്തിയിട്ടിരുന്ന ബസ്സിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ദിവ്യേഷ് റാത്വ എന്ന കുട്ടിയാണ് മരിച്ചത്. കളിക്കുന്നതിനിടെ സമീപത്തുള്ള ഗാരേജിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ദിവ്യേഷ് കയറുകയായിരുന്നു. പൊടുന്നനെ ബസ്സിന്റെ ഹൈഡ്രോളിക് വാതിൽ അടയുകയും കുട്ടിയുടെ കഴുത്ത് അതിനിടയിൽ കുടുങ്ങുകയുമായിരുന്നു.

കൂലിപ്പണിക്കാരാണ് ദിവ്യേഷിന്റെ മാതാപിതാക്കൾ. ഗാരേജിന്റെ പിന്നിലായിരുന്നു ഇവരുടെ താമസം. ചന്തയിൽ പോയിവരാമെന്ന് അമ്മയോട് പറഞ്ഞാണ് കുട്ടി വീട്ടിൽനിന്ന് പോയത്. എന്നാൽ, ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ വരാതിരുന്നതോടെ കുടുംബം അന്വേഷിച്ചിറങ്ങി. ഒടുവിലാണ് കുട്ടി ബസ്സിന്റെ വാതിലിൽ കുടുങ്ങിയതായി കണ്ടെത്തിയത്.

തുടർന്ന്, കുട്ടിയെ ഗാരേജിലുണ്ടായിരുന്ന രണ്ടുപേർ ഓടിയെത്തി വാതിൽ തുറന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പുറത്തെടുത്തപ്പോഴേക്കും കുട്ടിയുടെ ബോധം മറഞ്ഞിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ഡെപ്യൂട്ടി കമ്മിഷണർ അഭിഷേക് ഗുപ്ത പറഞ്ഞു.

Content Highlights: A seven-year-old boy named Divyesh Rathwa died in Vadodara, Gujarat, after his neck got trapped in the automatic hydraulic door of a bus parked inside a private garage while he was playing nearby.