പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു; ജീവന്‍ തിരികെകിട്ടാന്‍ വേപ്പിലയും ചാണകവുംകൊണ്ട് പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം

ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച പത്തുവയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ ഹസായാന്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവമുണ്ടായത്. പത്തുവയസ്സുകാരന് ജീവന്‍ തിരികെലഭിക്കുമെന്ന് കരുതി വേപ്പിലയും ചാണകവറളിയുംകൊണ്ട് പൊതിഞ്ഞാണ് മൂന്നുദിവസം മൃതദേഹം സൂക്ഷിച്ചതെന്നും ഒടുവില്‍ പോലീസ് ഇടപെട്ടതോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ഒക്ടോബര്‍ 20-നാണ് പത്തുവയസ്സുകാരന് വീട്ടില്‍വെച്ച് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, ഇതിനിടെ ചില അയല്‍ക്കാര്‍ മഥുരയില്‍ ഒരു മന്ത്രവാദിയുണ്ടെന്നും അവിടെ കൊണ്ടുപോയാല്‍ കുട്ടിയ്ക്ക് ജീവന്‍ തിരികെകിട്ടുമെന്നും വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ച് കുടുംബം മന്ത്രവാദിയുടെ അടുത്തെത്തി. എന്നാല്‍, മന്ത്രവാദിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് മനസിലായതോടെ കുടുംബം മൃതദേഹവുമായി തിരികെ മടങ്ങി. തുടര്‍ന്നാണ് വേപ്പിലയും ചാണകവറളിയുംകൊണ്ട് പൊതിഞ്ഞ് കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചത്. ജീവന്‍ തിരികെകിട്ടിയോ എന്നറിയാനായി വീട്ടുകാരും നാട്ടുകാരും മരക്കൊമ്പ് കൊണ്ട് കുട്ടിയുടെ കാലുകളില്‍ തട്ടിനോക്കുന്നത് പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
എന്നാല്‍, മൂന്നുദിവസം കഴിഞ്ഞിട്ടും അനക്കമൊന്നും ഉണ്ടായില്ല. ഇതിനുപിന്നാലെയാണ് പോലീസില്‍ ഇതേക്കുറിച്ച് വിവരംലഭിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസും അറിയിച്ചു.
Content Highlights: A bizarre incident in Hathras, Uttar Pradesh, where a family kept a 10-year-old boy`s body for three days, hoping for his revival after a snakebite. Police intervened.