‘ഓവറാകരുത്, ഇത് ഇന്ത്യയാണ്’; ഈച്ചയെ കണ്ടതിന് ഹോട്ടൽ ലൈസൻസ് റദ്ദാക്കിയതിനെതിരെ ബോംബെ ഹൈക്കോടതി

മുംബൈ: ശുചിത്വക്കുറവ് ആരോപിച്ച് നവി മുംബൈയിൽ സ്റ്റാർ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. അടുക്കളയിൽ ചെറിയ പ്രാണികളെ കണ്ടുവെന്ന നിസാര കാരണത്താൽ ലൈസൻസ് സസ്‌പെൻഡ് ചെയ്തത് കടുത്ത നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് പരിശോധനകളിൽ ഹോട്ടൽ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. നമ്മൾ ഇന്ത്യയിലാണെന്നും അതിനാൽ ശുചിത്വ കാര്യങ്ങളിൽ കൂടുതൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം എഫ്.ഡി.എ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹോട്ടലിലെ പരിശോധനയിൽ രണ്ട് ചെറിയ പ്രാണികളെ കണ്ടെത്തിയതിന്റെ പേരിലാണ് ലൈസൻസ് റദ്ദാക്കിയത്. ഹോട്ടലിന്റെ ശുചിത്വ പരിപാലന റിപ്പോർട്ട് മൊത്തത്തിൽ 95 ശതമാനം മാർക്ക് നേടി തൃപ്തികരമായിരിക്കെ വെറും രണ്ട് പ്രാണികളെ കണ്ടതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കുന്നത് ശരിയല്ല. മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ഒരു സ്ഥാപനത്തിനെതിരെ ഇത്തരമൊരു ചെറിയ പിഴവിന്റെ പേരിൽ ലൈസൻസ് റദ്ദാക്കുന്നതുപോലുള്ള കടുത്ത നടപടി സ്വീകരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആഴ്ച കോടതിയിലെ തങ്ങളുടെ മേശപ്പുറത്തും പാറ്റയെയും ഈച്ചയെയും കണ്ടിരുന്നുവെന്ന് ജഡ്ജിമാർ തമാശയായി പരാമർശിക്കുകയുണ്ടായി.
ലൈസൻസ് റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണ്. ഭക്ഷണ ശാലകൾക്കെതിരെ നിയമം നടപ്പിലാക്കുമ്പോൾ അത് വിവേചനമില്ലാതെയും സുതാര്യമായും ആയിരിക്കണമെന്ന് കോടതി പറഞ്ഞു. നടപടി നേരിട്ട ഹോട്ടലിന്റെ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് ഉടൻ പുനഃസ്ഥാപിക്കാനും പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കാനും ഉത്തരവിട്ടു. എല്ലാ സർക്കാർ ഭക്ഷണശാലകളിലും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി എഫ്.ഡി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ എഫ്.ഡി.എയെ പ്രതിനിധീകരിച്ച് സർക്കാർ പ്ലീഡർ നേഹ ഭിഡെ ആണ് കോടതിയിൽ ഹാജരായത്. ഭക്ഷണത്തിന്റെ സുരക്ഷയിലും ശുചിത്വത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ലെന്ന് എഫ്.ഡി.എ കോടതിയിൽ വാദിച്ചു. ശുചിത്വ കാര്യങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തങ്ങൾ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല പ്രവർത്തിക്കുന്നത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന കാന്റീനുകൾ, കെ.ഇ.എം ഹോസ്പിറ്റൽ കാന്റീൻ, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളും ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പരിശോധിക്കുകയും പൂട്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും എഫ്.ഡി.എ കോടതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights: Court finds license cancellation for minor hygiene issues excessive., Hotel maintained 95% hygiene rating during inspections., FDA ordered to restore hotel's FSSAI license immediately., Court mandates hygiene inspection reports for all government canteens., Emphasis on realistic and non-discriminatory enforcement of food safety laws.