ബി.ജെ.പി. പടുകുഴിയില്‍, കാരണം മോദിയുടെ ഏകാധിപത്യമനോഭാവം- സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏകാധിപത്യമനോഭാവ'മാണെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് മോദിയ്‌ക്കെതിരേ ഗുരുതരവിമര്‍ശനവുമായി സുബ്രഹ്‌മണ്യം സ്വാമി രംഗത്തെത്തിയത്. തന്റെ കണക്കുകൂട്ടലുകള്‍ക്ക് ഏകദേശം സമീപത്താണ് ബി.ജെ.പിയുടെ സീറ്റ് നേട്ടമെന്നും താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ബി.ജെ.പി. 300 സീറ്റ് നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ബി.ജെ.പി. 220 സീറ്റ് നേടുമെന്നുള്ള എന്റെ കണക്കുകൂട്ടല്‍ ബി.ജെ.പി. തിരഞ്ഞെടുപ്പില്‍ നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ബി.ജെ.പിയ്ക്ക് 300 സീറ്റ് നേടാന്‍ സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, മോദിയുടെ ഏകാധിപത്യമനോഭാവം ബി.ജെ.പിയെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്, ആ കുഴിയില്‍നിന്ന് പാര്‍ട്ടി ഇനി കരകയറേണ്ടതുണ്ട്", സുബ്രഹ്‌മണ്യം സ്വാമി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരമനുസരിച്ച് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ ബി.ജെ.പിയുടെ നേട്ടം 239 സീറ്റുകളാണ്- 38 സീറ്റുകളില്‍ വിജയിച്ചു, 201 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
Content Highlights: BJP's less than expected performance, dictatorial mindset of Narendra Modi says Subramanian Swamy