ഈറോഡ് ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎയും പിന്മാറി, 2026 ആണ് ലക്ഷ്യമെന്ന് അണ്ണാമലൈ

ചെന്നൈ: ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മത്സരിക്കില്ലെന്നും പകരം ഡി.എം.കെ.യെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യെ അധികാരത്തില്‍ നിന്നും താഴെയിറക്കുക എന്നതില്‍ മാത്രമാണ് പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി. സംസ്ഥാന യൂണിറ്റ് ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
2026-ലെ നിമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യെ തോല്‍പ്പിക്കുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം. അധികാര ദുര്‍വിനിയോഗമാണ് ഡി.എം.കെ. തമിഴ്‌നാട്ടില്‍ നടത്തുന്നത്. തിരഞ്ഞെടുപ്പിലും അവര്‍ കള്ളക്കളികള്‍ നടത്തും. അതിനെയൊക്കെ എതിര്‍ക്കാന്‍ എല്ലാ വിധത്തിലും തയ്യാറാവുകയാണ് ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും. ഞങ്ങള്‍ ഒറ്റക്കെട്ടായി 2026-ലെ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യെ അധികാരത്തില്‍ നിന്നും പുറത്താക്കും. പകരം ബി.ജെ.പി.യുടെ നല്ല ഭരണം കൊണ്ടുവരും, അണ്ണാമലൈ പറഞ്ഞു.
എന്‍.ഡി.എ. കൂടി മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരമില്ലാതാകും. ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. നേരത്തെ അറിയിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് ഡി.എം.ഡി.കെ.യും ടി.വി.കെ.യും വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകവും അറിയിച്ചിരുന്നു. 2026-ലെ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അധ്യക്ഷന്‍ വിജയ് നേരത്തെ പറഞ്ഞിരുന്നു.
ആ സാഹചര്യത്തില്‍ ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലുള്ള മത്സരത്തിനായിരുന്നു എല്ലാവരും കാത്തിരുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബി.ജെ.പി. മത്സരിക്കും എന്നുതന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നത്തെ പ്രഖ്യാപനത്തോടെ എന്‍.ഡി.എ.യും മത്സരത്തിനില്ല എന്നത് വ്യക്തമായി. ഉന്നത കോണ്‍ഗ്രസ് നേതാവായിരുന്ന ഇ.വി.കെ.എസ്. ഇളങ്കോവന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈറോഡ് ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ഡി.എം.കെ. ശനിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: bjp will not participate in erode east bypoll 2025 says tamil nadu bjp president k annamalai