'അനൗദ്യോഗിക പാർട്ടി ഓഫീസാക്കി, ഡിംപിളിന്റെ വേഷം അനുചിതം'; അഖിലേഷിന്റെ പള്ളിസന്ദർശനത്തിനെതിരേ ബിജെപി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് സമീപത്തെ മുസ്ലിം പള്ളിയിൽ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. പള്ളിക്കുള്ളിൽ എസ്പി, രാഷ്ട്രീയയോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജമാല്‍ സിദ്ദിഖി രംഗത്തെത്തി. ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും മറ്റ് നേതാക്കളും സന്ദര്‍ശനവേളയില്‍ അഖിലേഷിനൊപ്പമുണ്ടായിരുന്നു. ഡിംപിളിന്റെ വേഷം അനുചിതമായിരുന്നെന്നും അവര്‍ ശിരസ്സ് മറച്ചിരുന്നില്ലെന്നുമാണ് വിമര്‍ശനം.
ആരാധനാലയത്തെ അഖിലേഷ്, അനൗദ്യോഗിക എസ്പി ഓഫീസ് ആക്കി മാറ്റിയെന്നും ജമാല്‍ ആരോപിച്ചു. അഖിലേഷ് യാദവ് ഇന്നലെ പള്ളി സന്ദര്‍ശിച്ചു. ആ പള്ളി സ്ഥിതിചെയ്യുന്നത് പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്നിലാണ്. എസ്പിയുടെ എംപി നദ്‌വിയാണ് അവിടുത്തെ ഇമാം. എന്തിനാണ് പള്ളിക്കുള്ളില്‍ രാഷ്ട്രീയ യോഗം നടത്തിയത്, ജമാല്‍ ചോദിച്ചു. അവര്‍ക്കെതിരേ കേസ് കൊടുക്കുമെന്നും ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ജൂലൈ 25-ന് അതേ പള്ളിയിൽ തങ്ങളും യോഗം ചേരുമെന്നും ജമാൽ പറഞ്ഞു. ദേശീയഗീതം ആലപിച്ച് ആരംഭിക്കുകയും ദേശീയഗാനം ആലപിച്ച് അവസാനിപ്പിക്കുകയുംചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സന്ദര്‍ശനവേളയില്‍ ചര്‍ച്ചയായതെന്നും ജമാൽ ആരോപിച്ചു.
അതേസമയം, ബിജെപിയുടെ ആരോപണങ്ങളെ എസ്പി തള്ളി. ദേശീയവിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു പ്രതികരണം. പള്ളിയിലെ ഇമാമായ നദ്‌വി ക്ഷണിച്ചതിനെ തുടര്‍ന്നാണ് പോയതെന്നും ബിജെപി തെറ്റായവിവരം പ്രചരിപ്പിക്കുകയാണെന്നും ഡിംപിള്‍ യാദവ് കൂട്ടിച്ചേര്‍ത്തു. മതത്തെ ബിജെപി രാഷ്ട്രീയനേട്ടങ്ങള്‍ക്കുള്ള ആയുധമാക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
Content Highlights: bjp targets akhilesh yadav over mosque meeting