ബി.ജെ.പി.തന്ത്രം: സി.ജെ.പി. മേൽക്കൈ നേടിയാലും കോൺഗ്രസ് നേടരുത്

#പ്രവീൺ കൃഷ്ണൻ
അഭിജിത്ത് ദീപ്കെ, നരേന്ദ്രമോദിയും അമിത് ഷായും, രാഹുൽ ​ഗാന്ധി | ഫോട്ടോ: പി.ടി.ഐ, എ.എൻ.ഐ
അഭിജിത്ത് ദീപ്കെ, നരേന്ദ്രമോദിയും അമിത് ഷായും, രാഹുൽ ​ഗാന്ധി | ഫോട്ടോ: പി.ടി.ഐ, എ.എൻ.ഐ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം പടരുമ്പോൾ രാഷ്ട്രീയപരിഹാരമാർഗങ്ങളില്ലാതെ കേന്ദ്രം. കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാനുള്ള പോലീസ് നടപടികൾക്കപ്പുറം മറ്റൊന്നും സർക്കാരിനു മുന്നിലില്ല. ചോദ്യക്കടലാസ് ചോർച്ചയിലെ വിദ്യാർഥിപ്രക്ഷോഭ സമയത്ത് സി.ജെ.പി.യുമായും മറ്റും സർക്കാർ മുൻകൈയെടുത്ത് ചർച്ച നടത്തിയിരുന്നു. എന്നാൽ, മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർക്കും എസ്.ഐ.ആർ. ക്രമക്കേടിനും എതിരായ പ്രതിപക്ഷ സമരത്തിൽ അത്തരം സാധ്യതകളൊന്നും സർക്കാർ കാണുന്നില്ല.

ഭരണഘടനാ പദവിയായ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ ഇടപെട്ട് ചർച്ച നടത്താൻ സാങ്കേതികമായും രാഷ്ടീയമായും സർക്കാരിന് കഴിയില്ല. അതിനാൽ, ഭരണനേതൃത്വം കാര്യമായൊരു നീക്കവും നടത്തുന്നില്ല. വാർത്താസമ്മേളനങ്ങളും രാഹുൽ ഗാന്ധിക്കെതിരേ ചില വിമർശനങ്ങളും പരിഹാസവും നടത്തി ബി.ജെ.പി.യും ഒതുങ്ങുന്നു.

പ്രധാനമന്ത്രിയും മൗനത്തിൽ

പ്രത്യാക്രമണവുമായി ഇറങ്ങിപ്പുറപ്പെട്ടാൽ അത് ഫലത്തിൽ കോൺഗ്രസിനും രാഹുലിനും രാഷ്ടീയ നേട്ടമാവും എന്ന് പാർട്ടി വിലയിരുത്തുന്നു. സമരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സമരത്തെ ഗൗരവമായി കാണുന്നില്ല എന്ന തോന്നലുണ്ടാക്കുന്നതാണ് ഭരണപക്ഷതന്ത്രം. എന്നാൽ, ഇത് എത്രമാത്രം ബുദ്ധിപൂർവമായ ഒന്നാണ് എന്ന് വരുംനാളുകളിലേ വ്യക്തമാകൂ.

കഴിഞ്ഞ മൂന്നുദിവസങ്ങളായി തലസ്ഥാനത്ത് അരങ്ങേറുന്ന സംഭവങ്ങൾ രാഷ്ടീയമായി കോൺഗ്രസിന് വലിയ നേട്ടമായി എന്ന വിലയിരുത്തലിനിടയിലും 10-ന് സി.ജെ.പി. പ്രക്ഷോഭം ആരംഭിക്കുന്നതോടെ ശ്രദ്ധ വിദ്യാർഥി, യുവജന സമരത്തിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

സി.ജെ.പി.യുടെ വരവ്

കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുന്നതിനെക്കാൾ സി.ജെ.പി. പ്രക്ഷോഭം ജനശ്രദ്ധ ആകർഷിക്കുന്നതാണ് രാഷ്ട്രീയമായി തങ്ങൾക്ക് പിടിച്ചുനിൽക്കാൻ അവസരമൊരുക്കുക എന്ന് ബി.ജെ.പി. കരുതുന്നു. ഇപ്പോൾ നേടിയ മേൽക്കൈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനപിന്തുണയാക്കി കോൺഗ്രസ് രാഷ്ടീയ നേട്ടം ഉണ്ടാക്കിയേക്കും എന്നതാണ് ബി.ജെ.പി.യെ അലട്ടുന്നത്. ഒരു സംഘടിത രാഷ്ടീയരൂപമല്ല സി.ജെ.പി. എന്നത് അവരെ താരതമ്യേന ലഘുഭീഷണിയായി കാണാൻ ബി.ജെ.പി.യെ പ്രേരിപ്പിക്കുന്നുമുണ്ട്.

Content Highlights: Union Government avoids political intervention amidst escalating protests against Chief Election Commissioner Gyanesh Kumar, relying primarily on police action. The government sees no scope for political dialogue regarding the demand for the Chief Election Commissioner's resignation due to constitutional and political limitations. BJP strategy aims to avoid aggressive counterattacks that could politically benefit Congress and Rahul Gandhi, keeping PM Narendra Modi silent on the matter. Congress has gained political momentum from recent Delhi protests, but BJP expects attention to shift once CJP protests begin on the 10th. BJP views CJP as a less structured political entity and a manageable threat compared to sustained electoral gains by Congress.