വസ്തുതകള്‍ കള്ളം പറയില്ല; ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം തുടരവേ ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പറയുന്നത് 'മേക്ക് ഇന്‍ ഇന്ത്യ' എന്നും എന്നാല്‍ ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ വാങ്ങിക്കൊണ്ടാണ് ബിജെപിയുടെ പ്രവര്‍ത്തനമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വിമര്‍ശിച്ചു. 

വസ്തുകള്‍ കള്ളം പറയില്ല എന്ന അടിക്കുറിപ്പോടെ, ചൈനയില്‍നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി സര്‍ക്കാറിനെതിരേ രാഹുലിന്റെ വിമര്‍ശനം. യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്ത് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെക്കാള്‍ വളരെ കൂടുതലാണ് എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്തുള്ളതെന്ന് വ്യക്തമാക്കിയുള്ള ഒരു ഗ്രാഫ് സഹിതം ട്വീറ്റ് ചെയ്താണ് രാഹുലിന്റെ വിമര്‍ശനം. 

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം അവസാനിക്കുമ്പോള്‍ 12-13 ശതമാനം വരെയായിരുന്നു ചൈനയില്‍ നിന്നുള്ള ഇറക്കുമതി. എന്നാല്‍ ബിജെപി ഭരണകാലത്ത് 2020ഓടെ ഇത് 17-18 ശതമാനത്തിലെത്തിയതായും ട്വീറ്റില്‍ രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ത്തില്‍ 20 സൈനികരുടെ ജീവന്‍ നഷ്ടമായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരേ തുടര്‍ച്ചയായ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിക്കുന്നത്. 

content highlighs: BJP says Make in India but buys from China: Rahul Gandhi

Content Highlights: