അടുത്ത ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ദക്ഷിണേന്ത്യയില്‍നിന്നോ?; വനിതകളടക്കം പരിഗണനയില്‍

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ അടുത്ത ദേശീയ അധ്യക്ഷനെ ഹോളിക്ക് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭ തുടങ്ങുന്ന മാര്‍ച്ച് 21-ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. മാര്‍ച്ച് 14-നാണ് ഹോളി. മാര്‍ച്ച് 21 മുതല്‍ 23 വരെ ബെംഗളൂരുവിലാണ് ആര്‍.എസ്.എസിന്റെ ഉന്നതതലയോഗം.
മാര്‍ച്ച് 14-നകം 50% സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 18-ല്‍ 12 ഇടത്തും ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള ആറിടത്ത് എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, സിക്കിം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, അസം, ചണ്ഡീഗഢ്, ഗോവ, ജമ്മു കശ്മിര്‍, ലഡാക്, മേഘാലയ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പുനഃസംഘടന പൂര്‍ത്തിയായി.
അടുത്ത ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ദക്ഷിണേന്ത്യയില്‍നിന്നാവാനുള്ള സാധ്യതയുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ആന്ധ്രയിലെ സംസ്ഥാന അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയുടെ പേരിനാണ് മുന്‍തൂക്കം. നിലവിലെ ആന്ധ്രയിലെ അധ്യക്ഷയായ ഡി. പുരന്ദേശ്വരിയുടെ പേരും പരിഗണിക്കുന്നതായി ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂരില്‍നിന്നുള്ള എം.എല്‍.എയുമായ വാനതി ശ്രീനിവാസന്‍ എന്നിവരേയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ധര്‍മേന്ദ്ര പ്രധാന്‍, വിനോദ് താവ്‌ഡെ, ഭൂപേന്ദ്ര യാദവ് എന്നിവരിലൊരാള്‍ ജെ.പി. നഡ്ഡയുടെ പിന്‍ഗാമിയായേക്കുമെന്നാണ് നേരത്തെ മുതലുള്ള അഭ്യൂഹങ്ങള്‍.
2019 മുതല്‍ ദേശീയ അധ്യക്ഷപദവിയില്‍ തുടരുന്ന ജെ.പി. നഡ്ഡ മൂന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയാണ്. ദേശീയ അധ്യക്ഷന് തുടര്‍ച്ചയായി രണ്ടുതവണമാത്രമേ അവസരം അനുവദിക്കാവൂ എന്നാണ് ബി.ജെ.പി. ഭരണഘടനയിലെ വ്യവസ്ഥ.
Content Highlights: BJP`s new national president will be announced after Holi