യു.പി.യിൽ സീറ്റ് വിഭജനത്തിന് നീക്കംതുടങ്ങി ബി.ജെ.പി.; സഖ്യകക്ഷികൾക്ക് 60 സീറ്റുകൾ നൽകിയേക്കും

ലഖ്നൗ: 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ എൻ.ഡി.എ. സഖ്യം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളൊരുക്കി ബി.ജെ.പി. സഖ്യകക്ഷികൾക്കായി 60 സീറ്റുകൾ മാറ്റിവയ്ക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി.), സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി.), അപ്നാ ദൾ (എസ്.), നിഷാദ് പാർട്ടി എന്നീ സഖ്യകക്ഷികളെ ഒപ്പംനിർത്തുകയാണ് ലക്ഷ്യം. ജാതി, പ്രാദേശിക സമവാക്യങ്ങൾകൂടി പരിഗണിച്ചായിരിക്കും നീക്കം. തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന്റെ അടിത്തറ വിപുലീകരിക്കാനും അധികാരം തിരിച്ചുപിടിക്കാനുമുള്ള ശ്രമത്തിലാണ് ബി.ജെ.പി.
403 അംഗ നിയമസഭയിൽ സഖ്യകക്ഷികൾക്ക് എത്ര സീറ്റുകൾ വിട്ടുനൽകുമെന്നത് എൻ.ഡി.എ.യിലെ ഐക്യത്തിന്റെ പരീക്ഷണമാവും. സഖ്യകക്ഷികളെ എത്രത്തോളം ആശ്രയിച്ചാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സീറ്റ് വിഭജനത്തിലൂടെ വ്യക്തമാവും. 2017-ലെ തിരഞ്ഞെടുപ്പിനേക്കാൾ വലിയ വിജയം 2027-ൽ നേടുകയെന്നതാണ് എൻ.ഡി.എ.യിലെ എല്ലാ ഘടകകക്ഷികളുടെയും പൊതുലക്ഷ്യമെന്ന് ബി.ജെ.പി. വക്താവ് മനീഷ് ശുക്ല പറഞ്ഞു.
Content Highlights: BJP plans to set aside around 60 seats for NDA allies in the 2027 Uttar Pradesh Assembly elections., Key allies involved include RLD, SBSP, Apna Dal (S), and the Nishad Party.