'എന്നെ വശീകരിക്കാൻ പ്രതിപക്ഷം യുവതികളെ അയയ്ക്കുന്നു'; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ, പ്രതിഷേധം

ഭോപ്പാൽ: തന്നെ വശീകരിച്ച് കെണിയിലാക്കാൻ എതിരാളികൾ യുവതികളെ അയക്കുന്നുവെന്ന ആരോപണവുമായി മധ്യപ്രദേശ് ബിജെപി എംഎൽഎ പ്രീതം ലോധി. തന്നെ ഹണിട്രാപ്പിൽ പെടുത്താനും പീഡനക്കേസിൽ കുടുക്കാനും രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മധ്യപ്രദേശിലെ പിച്ചോർ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎയാണ് പ്രീതം സിങ് ലോധി. ശിവ്പുരി ജില്ലയിലെ ഖനിയാധാനയിൽ സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്യവേയാണ് ലോധ ആരോപണം ഉന്നയിച്ചത്. എംഎൽഎയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഇദ്ദേഹത്തിന്റെ പ്രസംഗം വൻതോതിൽ പ്രചരിക്കുന്നുണ്ട്. രൂക്ഷവിമർശനവും പ്രസംഗത്തിനെതിരേ ഉയരുന്നുണ്ട്.
സ്ത്രീകളെ തന്റെ അടുത്തേക്ക് എതിരാളികൾ അയക്കാറുണ്ട്. വശീകരിക്കാനോ അനുചിത സംഭാഷണങ്ങളിൽ ഏർപ്പെനോ ആണ് ഇവർ ശ്രമിക്കാറ്. ഈ സ്ത്രീകൾ തന്നെ സമീപിക്കുമ്പോൾ തെളിവുകൾ നിർമ്മിക്കാനായി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ കൂട്ടാളികൾ മൊബൈൽ ഫോണുമായി സമീപത്തുതന്നെ നിൽക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് തനിക്ക് ഒരാൾ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളടക്കം ഇരിക്കുന്ന വേദിയിൽവെച്ച് മോശം പരാമർശം നടത്തിയതിനെതിരേ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന പൊതുവേദിയിൽ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നതിനെതിരേ സാമൂഹിക മാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്. വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം ഔദ്യോഗിക വിശദീകരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഇതാദ്യമായല്ല ലോധി വിവാദ പരാമർശം നടത്തി ബിജെപിയെ വെട്ടിലാക്കുന്നത്. നേരത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരേയും തദ്ദേശ സ്വയംഭരണാധികാരികളേയും കുറിച്ച് തെറ്റായ പ്രസ്ഥാവന നടത്തി വാർത്തകളിലിടം പിടിച്ചിരുന്നു. പിന്നീട്ട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.
Content Highlights: BJP MLA Pritam Lodhi alleges political rivals are trying to trap him using women., He claimed conspirators record videos to frame him in false cases., The controversial remark was made during a public event in Shivpuri district., The speech has drawn severe criticism on social media, though BJP leadership is yet to respond.