'അദ്ദേഹത്തിന്റെ വീട്ടിലൊരു പാകിസ്താനുണ്ട്'; കര്‍ണാടകമന്ത്രിയെ വ്യക്തിപരമായി ആക്രമിച്ച് BJP എം.എല്‍.എ

ബെംഗളൂരു: കര്‍ണാടകമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവുവിനെ വ്യക്തിപരമായി ആക്രമിച്ച് ബി.ജെ.പി. എം.എല്‍.എ. ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. ഗുണ്ടുറാവുവിന്റെ വീട് പാകിസ്താന്റെ പാതിയാണെന്നായിരുന്നു യത്‌നാലിന്റെ പരാമര്‍ശം. ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു, മുസ്‌ലിം സമുദായാംഗമാണ്. ഇതിന്‍റെ പേരിൽ യത്‌നാല്‍ നടത്തിയ വ്യക്തിപരമായ അധിക്ഷേപം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ദിനേശ് ഗുണ്ടുറാവു നടത്തിയ ട്വീറ്റിന് പിന്നാലെയായിരുന്നു യത്‌നാലിന്റെ പ്രതികരണം. ഗുണ്ടുറാവുവിന്റെ വീട്ടില്‍ ഒരു പാകിസ്താനുണ്ട്. അതുകൊണ്ട് ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന് ശീലമായിരിക്കുകയാണ്, എന്നായിരുന്നു യത്‌നാല്‍ പറഞ്ഞത്. കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരു ബി.ജെ.പി. പ്രവര്‍ത്തകനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെന്നായിരുന്നു ഗുണ്ടുറാവുവിന്റെ ട്വീറ്റ്.
അതേസമയം, യത്‌നാലിന്റെ പരാമര്‍ശത്തിനെതിരേ തബു റാവു രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ഗുണ്ടുറാവുവിന്റെ വീട് പാതി പാകിസ്താന്‍ ആണെന്ന യത്‌നാലിന്റെ പരാമര്‍ശം വിലകുറഞ്ഞതും അപമാനകരവും അപകീര്‍ത്തികരവുമാണ്. ഞാന്‍ ജനിച്ചത് മുസ്‌ലിമായിട്ടായിരിക്കാം. എന്നാല്‍, ഇന്ത്യക്കാരിയെന്ന എന്‍റെ സ്വത്വത്തെ ചോദ്യംചെയ്യാൻ ആർക്കുമാകില്ല, തബു പറഞ്ഞു.
വിവാദ പരാമർശങ്ങൾ സ്ഥിരമായി നടത്തുന്ന പാട്ടീലിനെതിരേ നടപടിയെടുക്കാന്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയോടും ആവശ്യപ്പെട്ടു.
Content Highlights: bjp mla attacks karnataka minister dinesh gundurao