ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്; മുന്‍നിര പേരുകാര്‍ ഇവര്‍

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിത എത്തിയേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുതിര്‍ന്ന നേതാക്കള്‍ വിശദമായ ചര്‍ച്ചയിലാണെന്നും നിര്‍മലാ സീതാരാമന്‍, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ തുടങ്ങിയവര്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളുടെ മുന്‍നിരയിലുണ്ടെന്നാണ് വിവരം.
നിലവിലെ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരിമാസം അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 2024 ജനുവരി വരെ നീട്ടിനല്‍കുകയായിരുന്നു. നിര്‍മലാ സീതാരാമന്‍ ഇക്കഴിഞ്ഞ ദിവസം ജെ.പി. നഡ്ഡയുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷപദത്തിലെത്തുന്നപക്ഷം ദക്ഷിണേന്ത്യയില്‍ ബിജെപിയെ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍മലയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആന്ധ്രപ്രദേശ് ബിജെപി മുന്‍ അധ്യക്ഷയായ പുരന്ദേശ്വരിയാണ് അധ്യക്ഷപദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരാള്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിലും പുരന്ദരേശ്വരി ഉള്‍പ്പെട്ടിരുന്നു. രാജമുന്ദ്രിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഇവര്‍.
തമിഴ്‌നാട് നിയമസഭാംഗമാണ് അഭിഭാഷക കൂടിയായ വാനതി. കോയമ്പത്തൂര്‍ സൗത്തിനെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. 1993-ല്‍ ബിജെപി അംഗമായതിന് പിന്നാലെ നിരവധി നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2020-ല്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷസ്ഥാനത്തെത്തിയിരുന്നു. 2022-ല്‍ ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയിലുമെത്തി.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത് ആര്‍എസ്എസ് ആണെന്നാണ് വിവരം. മഹാരാഷ്ട്ര, ഹരിയാണ, ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതില്‍ ബിജെപിക്ക് സ്ത്രീവോട്ടര്‍മാര്‍ നല്‍കിയ പിന്തുണ വലുതായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ അധ്യക്ഷപദത്തില്‍ ഒരു സ്ത്രീ എത്തുന്നപക്ഷം അത് ബിജെപിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായിരിക്കും.
Content Highlights: bjp may get woman national president suggest reports