‘ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്’; സോണിയ നടത്തുന്നത് അപരാധങ്ങളെ വെള്ളപൂശാനുള്ള ശ്രമമെന്ന് ബിജെപി

#ന്യൂസ് ഡെസ്‌ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഇന്ന് പുറത്തിറങ്ങിയ ഓർമക്കുറിപ്പ് ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവി’നെതിരേ വിമർശനവുമായി ബിജെപി. നെഹ്‌റു-ഗാന്ധി കുടുംബവും കോൺഗ്രസും നടത്തിയ ചരിത്രപരമായ അപരാധങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് സോണിയ നടത്തുന്നതെന്ന് ബിജെപി വക്താവ് സി.ആർ. കേശവൻ വിമർശിച്ചു.

‘സോണിയാ ഗാന്ധി അവരുടെ പുസ്തകത്തിന് ബിലോങ്ങിങ് എന്നല്ല വൈറ്റ്‌വാഷിങ് (വെള്ളപൂശൽ) എന്നായിരുന്നു പേര് നൽകേണ്ടിയിരുന്നത്. കാരണം. നെഹ്‌റു-ഗാന്ധി കുടുംബം ചെയ്ത ചരിത്രപരമായി തെറ്റുകളെ മധുരംപുരട്ടി അവതരിപ്പിക്കാനും കോൺഗ്രസ് പാർട്ടി ചെയ്ത ഗുരുതരമായ തെറ്റുകൾ മറച്ചുവെക്കാനുമാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യമെന്ന് തോന്നുന്നു’, കേശവൻ പറഞ്ഞു.

‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു. എന്നാൽ 1984-ൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ? ബാട്‌ല ഹൗസിലെ ഭീകരവാദികൾക്കുവേണ്ടിയാണ് സോണിയ കരഞ്ഞത്’, കേശവൻ പറഞ്ഞു.

'രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ധീര സിആർപിഎഫ് ജവാന്മാർക്കുവേണ്ടി സോണിയ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ചിരുന്നോ? കോൺഗ്രസ് ഭരണകാലത്ത് നടന്ന 26/11 ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടപ്പോൾ സോണിയ ഗാന്ധി കരഞ്ഞിരുന്നോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സോണിയ ഗാന്ധിയുടെ പുസ്തകത്തിലുണ്ടാകുമോ? ഈ ആക്രമണങ്ങൾക്കു തിരിച്ചടി നൽകുന്നതിൽപോലും ഭീരുക്കളായ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാർ പരാജയപ്പെട്ടു’, കേശവൻ ആരോപിച്ചു.

'നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുകയും മൗലികാവകാശങ്ങളെ റദ്ദാക്കുകയും ചെയ്ത കുപ്രസിദ്ധമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ നടപടിയെ ന്യായീകരിക്കാനും സാധാരണ നടപടിയെന്നോണം ചിത്രീകരിക്കാനും സോണിയാഗാന്ധി ശ്രമിച്ച രീതി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ നേരിട്ടുള്ളതോ പരോക്ഷമായതോ ആയ നിയന്ത്രണത്തിൽ 55 വർഷത്തിലേറെ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം നടത്തി. ആ കാലയളവിൽ ഇന്ത്യൻ രാഷ്ട്രീയസംവിധാനത്തിനും ജനാധിപത്യത്തിനും അവർ വലിയ നാശവും മുറിവുകളും ഏൽപ്പിച്ചു. കോൺഗ്രസ് പാർട്ടി വരുത്തിവെച്ച ചരിത്രപരമായ തെറ്റുകളും പാപങ്ങളും തിരുത്തുന്നതിൽ ഫലപ്രദമായി ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു രാഷ്ട്രമെന്ന നിലയിൽ നാം നന്ദിയുള്ളവരാണ്’, കേശവൻ പറഞ്ഞു.

Content Highlights: BJP criticizes Sonia Gandhi's newly released memoir 'Belonging: A Journey of Love'., Spokesperson CR Kesavan claims the book aims to whitewash historical mistakes of the Nehru-Gandhi family., BJP questions Sonia's silence on the 1984 anti-Sikh riots and 26/11 Mumbai attacks., The party condemns the justification of the Emergency declared by Indira Gandhi in the book.