ഉപതിരഞ്ഞെടുപ്പ് പരാജയം; ആത്മപരിശോധന നടത്തുമെന്ന് ബിജെപി,ആരുമായും സഖ്യത്തിനില്ലെന്ന് പ്രശാന്ത് കിഷോർ

ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തുമെന്നും ബി.ജെ.പി. അധ്യക്ഷൻ നിതിൻ നബീൻ. അദ്ദേഹം മുൻപ് പ്രതിനിധാനംചെയ്തിരുന്ന ബങ്കിപ്പുരിൽ ബി.ജെ.പി. തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് പാർട്ടിയധ്യക്ഷന്റെ പ്രതികരണം.
ബങ്കിപ്പുരിൽ ജനസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറാണ് വിജയിച്ചത്. ഗുജറാത്തിലെ മഞ്ജൽപുരിൽ ബി.ജെ.പി. സീറ്റ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. മധ്യപ്രദേശിലെ ദതിയയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി.
കൂടുതൽ ഊർജത്തോടെയും നിശ്ചയദാർഢ്യത്തോടെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വിശ്വാസം ആർജിക്കുമെന്ന് സാമൂഹിക മാധ്യമമായ എക്സിലെ കുറിപ്പിൽ നിതിൻ നബീൻ പറഞ്ഞു.
ഒരു പാർട്ടിയുമായും സഖ്യമില്ലെന്ന് പ്രശാന്ത് കിഷോർ
ബങ്കിപ്പുർ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ, അസംതൃപ്തരായ ബി.ജെ.പി. പ്രവർത്തകരുടെയും ജെൻസി പ്രക്ഷോഭകരുടെയും സംഭാവനയുണ്ടെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ.
ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞദിവസം പ്രശാന്ത് കിഷോർ 19,324 വോട്ടിന് ബി.ജെ.പി.യുടെ നീരജ് കുമാറിനെ തോൽപ്പിച്ചിരുന്നു. കാലങ്ങളായി ബി.ജെ.പി. ജയിക്കുന്ന മണ്ഡലമാണിത്.
''ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കെതിരായ വിധിയെഴുത്താണിത്. ബി.ജെ.പി. ഭരണത്തിൽ എതിർപ്പുള്ളവരും കോൺഗ്രസ്, ആർ.ജെ.ഡി. അനുഭാവികളും വോട്ടുചെയ്തിട്ടുണ്ട്. ജെൻ സി പ്രക്ഷോഭവും ഈ വിജയത്തെ സഹായിച്ചു'' -പ്രശാന്ത് കിഷോർ പറഞ്ഞു.
Content Highlights: BJP leadership acknowledges by-election losses in three constituencies., Nitin Nabin confirms party will conduct a formal introspection., Prashant Kishor wins Bankipur seat by 19,324 votes., Jan Suraaj party confirms no alliances with other political entities., BJP retains Munjalpur, Gujarat, but with a significantly reduced margin.