'അദാനി' മോദിക്ക് തിരിച്ചടിയാവും, ജനാധിപത്യം നന്നാവുമെന്ന് സോറസ്; ഇന്ത്യക്കെതിരായ ആക്രമണമെന്ന് ബിജെപി

ജോര്‍ജ് സോറോസിന്റെ വിവാദപ്രസ്താവനക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്മൃതി ഇറാനി സംസാരിക്കുന്നു  | Photo : ANI
ജോര്‍ജ് സോറോസിന്റെ വിവാദപ്രസ്താവനക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്മൃതി ഇറാനി സംസാരിക്കുന്നു | Photo : ANI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ജോര്‍ജ് സോറോസിന്റെ പ്രസ്താവനയെന്നും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള വിദേശശക്തികളുടെ ശ്രമത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടാനുള്ള മുന്‍ശ്രമങ്ങളെ നാം പരാജയപ്പെടുത്തിയിട്ടുണ്ടെന്നും ജോര്‍ജ് സോറസിന് തക്കതായ മറുപടി നല്‍കാന്‍ എല്ലാ ഇന്ത്യാക്കാരോടും ആഹ്വാനം ചെയ്യുകയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. 

"ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്കിടയാക്കിയതോടെ ആ രാജ്യം തന്നെ ഒരു 'ഇക്കണോമിക് വാര്‍ ക്രിമിനലാ'യി മുദ്ര കുത്തിയ വ്യക്തി ഇപ്പോള്‍ ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അധികാരത്തില്‍ വരണമെന്നാണ് ഇത്തരത്തിലുള്ളവരുടെ ഉദ്ദേശ്യം. വിമര്‍ശനങ്ങളെ നേരിടാന്‍ താന്‍ തയ്യാറാണെങ്കിലും ഇന്ത്യക്ക് നേര്‍ക്കുള്ള ഒരാക്രമണത്തേയും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയാറുണ്ട്. ഇതൊരു യുദ്ധമാണ്, വിദേശശക്തികള്‍ക്കും  ഇന്ത്യന്‍ പൗരര്‍ക്കുമിടയില്‍ നില്‍ക്കുന്ന ഏക വ്യക്തി പ്രധാനമന്ത്രി മോദിയാണ്", സ്മൃതി പറഞ്ഞു. ജോര്‍ജ് സോറസിനെ അനുകൂലിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി. 

മ്യൂണിക്കില്‍ വച്ചാണ് അദാനി-മോദി ബന്ധത്തെക്കുറിച്ചും മോദിക്ക് വിവാദം ക്ഷീണമാകുമെന്നും സോറോസ് പ്രതികരിച്ചത്‌. 'മോദി അദാനി വിഷയത്തില്‍ മൗനം തുടരുകയാണ്. വിദേശ നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കണം. അദാനി ഓഹരി വിവാദം മോദിക്ക് തിരിച്ചടിയാവുമെന്നും അതുവഴി ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് വഴിതെളിക്കുമെന്നാണ് സോറസ് അഭിപ്രായപ്പെട്ടത്‌. മ്യൂണിക് സുരക്ഷാസമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിലായിരുന്നു ലോകത്തിലെ ഏറ്റവും സമ്പന്നന്‍മാരില്‍ ഒരാളായ ജോര്‍ജ് സോറസിന്റെ വിവാദപ്രസ്താവന. 

പ്രധാനമന്ത്രിയുമായും ബന്ധപ്പെട്ടിരിക്കുന്ന അദാനി പ്രതിസന്ധി ഇന്ത്യയിലെ ജനാധിപത്യ പുനരുജ്ജീവനത്തിന് ഇടയാക്കിയാലും അതില്‍ ജോര്‍ജ് സോറസിന്റെ പ്രസ്താവനയ്ക്ക് അതില്‍ പങ്കൊന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പ്രതികരിച്ചു.  കോണ്‍ഗ്രസ്, പ്രതിപക്ഷ കക്ഷികള്‍, രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയില്‍ ആശ്രയിച്ചാണ് ജനാധിപത്യ പുനരുജ്ജീവനം സംഭവിക്കുന്നതെന്നും ജോര്‍ജ് സോറസിനെ പോലുള്ള വ്യക്തികള്‍ക്ക് തിരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണയിക്കാനാവില്ലെന്ന് നമ്മുടെ നെഹ്റൂവിയന്‍ പാരമ്പര്യം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും ജയ്‌റാം രമേഷ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ജോര്‍ജ് സോറോസിനെതിരെ ബിജെപി വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെ പരിഹസിച്ച് ശിവ സേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും രംഗത്തെത്തി. വിദേശ ശക്തികളുടെ കടന്നുകയറ്റമെന്നാരോപിച്ച സ്മൃതി ഇറാനിയുടെ പ്രസ്താവനയേയും പ്രിയങ്ക ചതുര്‍വേദി പരിഹസിച്ചു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇസ്രയേല്‍ ഏജന്‍സിയുടെ ഇടപെടലിനെ കുറിച്ച് സ്മൃതിയ്ക്ക് എന്താണ് പറയാനുള്ളതെന്നും ശിവസേന നേതാവ് ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. പെഗാസസിനെ കുറിച്ച് പരോക്ഷമായി പ്രതിപാദിക്കുകയായിരുന്നു അവര്‍. 

Content Highlights: BJP Blasts Billionaire George Soros Over PM Narendra Modi Remarks