95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍, സെഞ്ചുറി തികയ്ക്കാന്‍ അഞ്ചിന്റെ കുറവുമാത്രം- രാഹുലിനെ പരിഹസിച്ച് ബിജെപി

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: PTI
രാഹുൽ ഗാന്ധി | Photo: PTI

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് ബിജെപി. സ്ഥിരം തിരഞ്ഞെടുപ്പു പരാജയങ്ങളുടെ പ്രതീകമായി രാഹുല്‍ മാറിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ പരിഹസിച്ചു.

രാഹുല്‍ ഗാന്ധി! മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു പരാജയം! തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി തോല്‍ക്കുന്നതിന് അവാര്‍ഡുകളുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അവയെല്ലാം തൂത്തുവാരിയേനെ. ഇക്കണക്കിനാണെങ്കില്‍, അദ്ദേഹം എങ്ങനെയാണ് ഇത്ര വിശ്വസ്തതയോടെ തങ്ങളെ കണ്ടെത്തുന്നതെന്ന് തിരിച്ചടികള്‍ പോലും അദ്ഭുതപ്പെട്ടേക്കും, അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

രണ്ട് പതിറ്റാണ്ടിനിടെ 95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ രാഹുല്‍ ഏറ്റുവാങ്ങിയെന്നും അമിത് മാളവ്യ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യയുടെ മാപ്പില്‍ വിവിധയിടങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണിത്. രാവിലെ മുതല്‍ വൈകിട്ട് വരെ ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയക്കാരനെന്ന് നിരവധിപേര്‍ രാഹുലിനെ വിളിക്കുമെങ്കിലും രണ്ടു പതിറ്റാണ്ടിനിടെ 95 തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ട്, അമിത് മാളവ്യ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി, ബിഹാറിലെ 20 ജില്ലകളില്‍ പതിനാറുദിവസം നീണ്ടുനിന്ന വോട്ടര്‍ അധികാര്‍ യാത്ര നടത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്‍റെ പ്രകടനം അതീവ ദയനീയമായിരുന്നു.

Content Highlights: bjp attacks rahul gandhi after poor perfomance in bihar assembly election