മാലിന്യക്കൂമ്പാരത്തിൽനിന്ന് ഒരു പുഴയെ വീണ്ടെടുത്ത 20-കാരൻ; ബിട്ടു തബാഹിക്ക് നെതർലൻഡ്സിൽ ജോലിവാഗ്ദാനം

#ന്യൂസ് ഡെസ്ക്
ബിട്ടു തബാഹി ഇസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram.com/popular/bittu-tabahi
ബിട്ടു തബാഹി ഇസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram.com/popular/bittu-tabahi

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയാവോറ എന്ന ചെറിയ നഗരത്തിലൂടെ ഒഴുകുന്ന അജ്നാർ പുഴ കടുത്ത മലിനീകരണത്തിന്റെ പിടിയിലായിരുന്നു. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച നിലയിലായ ആ പുഴയെ വീണ്ടെടുക്കാൻ ഒരു ഇരുപതുകാരൻ മുന്നോട്ടുവന്നു. സുരേന്ദ്ര സിങ് ചൗധരി എന്നായിരുന്നു ആ ബി.എസ്‌.സി. വിദ്യാർഥിയുടെ പേര്. സമൂഹമാധ്യമങ്ങളിൽ അവൻ അറിയപ്പെട്ടതാകട്ടെ ‘ബിട്ടു തബാഹി’ എന്നും. സഹായത്തിനാരുമില്ലെങ്കിലും പുഴയെ ശുദ്ധീകരിക്കുമെന്നും വീണ്ടെടുക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവൻ. അവന്റെ ആ പ്രയത്നം ഇന്ന് വിജയം കണ്ടിരിക്കുന്നു. മാത്രമല്ല, അതിർത്തികൾ കടന്ന് നെതർലൻഡ്സിൽനിന്നുള്ള തൊഴിൽ വാഗ്ദാനം വരെ അവനെ തേടിയെത്തിയിരിക്കുകയാണ്.

പുഴയിലെ മാലിന്യങ്ങൾ നീക്കംചെയ്യുന്നതിനുവേണ്ടി ഒരു യന്ത്രം നിർമ്മിക്കുന്നതിനെക്കുറിച്ചാണ് സുരേന്ദ്ര ആദ്യം ചിന്തിച്ചത്. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസമായി. പണം ഇല്ലെങ്കിലും പിന്മാറാൻ അവൻ തയ്യാറായില്ല. ‘ജനുവരി 26 റിപ്പബ്ലിക് ദിനം വന്നപ്പോൾ, അർത്ഥവത്തായ എന്തെങ്കിലും ചെയ്യാൻ പറ്റിയ നല്ലൊരു ദിവസമാണിതെന്ന് ഞാൻ കരുതി. അതിനുശേഷം ഞാൻ ഇത് നിർത്തിയിട്ടില്ല, നിരന്തരം ചെയ്തുകൊണ്ടിരിക്കുകയാണ്’, സുരേന്ദ്ര തന്റെ പ്രയത്നത്തിന്റെ തുടക്കത്തെക്കുറിച്ച് പറഞ്ഞു.

ഒരു വ്യക്തി വിചാരിച്ചാൽ എന്ത് മാറ്റമുണ്ടാക്കാനാണെന്ന ചോദ്യം ഉയർത്തി പലരും സുരേന്ദ്രയെ തുടക്കത്തിൽ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്ന് ഒരാൾ മുന്നിട്ടറങ്ങിയാൽ എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന് തന്റെ പ്രവൃത്തിയിലൂടെ അവൻ നാടിന് കാണിച്ചുകൊടുത്തു. സ്വന്തം കയ്യിൽനിന്ന് മുപ്പതിനായിരത്തോളം രൂപ ചെലവഴിച്ചാണ് അവൻ ഈ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഞാൻ ഒറ്റയ്ക്കാണ് തുടങ്ങിയത്. ഞാൻ എന്താണ് ചെയ്യുന്നതെന്ന് നഗരസഭ കാണുകയും പിന്നീട് അവരുടെ പിന്തുണ വാഗ്ദാനം ചെയ്യുകയുമാണുണ്ടായത്’, സുരേന്ദ്ര പറഞ്ഞു.

പുഴയിലെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. പുഴയുടെ ശുചീകരണത്തിന് മുൻപും പിൻപുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. സുരേന്ദ്രയുടെ ഈ ഒറ്റയാൾ പോരാട്ടം ശ്രദ്ധയിൽപ്പെട്ടതോടെ ബിയാവോറ മുനിസിപ്പൽ കോർപ്പറേഷൻ സഹായവുമായി മുന്നോട്ടുവന്നു. പുഴയിൽനിന്ന് വലിയതോതിലുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കംചെയ്യുന്നതിനായി അവർ ജെ.സി.ബി, പൊക്ലൈൻ യന്ത്രങ്ങളുമായി സുരേന്ദ്രയ്ക്കൊപ്പം ചേർന്നു.

അധികം വൈകാതെ സുരേന്ദ്രയുടെ പുഴ സംരക്ഷണപ്രവർത്തനങ്ങൾ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. സുരേന്ദ്രയുടെ പ്രവർത്തനങ്ങളെക്കുറിച്ച് എക്സ് പ്ലാറ്റ്‌ഫോമിൽ വന്ന ഒരു പോസ്റ്റ് നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ഓഷ്യൻ ക്ലീനപ്പ്' എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനും സി.ഇ.ഒയുമായ ബോയൻ സ്ലാറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ട അദ്ദേഹം തങ്ങൾക്കായി ജോലിചെയ്യാൻ വരൂ എന്നാണ് സുരേന്ദ്രയെ ക്ഷണിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Surendra Singh Chaudhary, a 20-year-old student known as Bittu Tabahi, successfully cleaned the heavily polluted Ajnar river in Madhya Pradesh through his solo efforts, earning a job offer from the Netherlands-based organization The Ocean Cleanup.