സർക്കാർ ലാബുകളിൽ കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയ; സ്വതന്ത്ര ലാബ് പരിശോധനയിൽ വെള്ളം സുരക്ഷിതമെന്ന് ബിസ്‌ലെരി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലെരിയുടെ കുപ്പിവെള്ള സാമ്പിളിൽ വീണ്ടും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി കന്പനി. എഫ്.എസ്.എസ്.എ.ഐയുടെ നിർദ്ദേശത്തെ തുടർന്ന് ഈ ബാച്ച് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി ശനിയാഴ്ച ബിസ്‌ലെരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. പ്രൈമറി, റഫറൽ ലാബുകളിൽ നടത്തിയ പരിശോധനകളിൽ ഈ സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പുവരുത്തുകയായിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് ബിസ്‌ലെരി മുന്നോട്ടുവെക്കുന്നത്. സർക്കാർ ലാബുകളിൽ ബാക്ടീരിയ കണ്ടെത്തിയെങ്കിലും, തങ്ങൾ എഫ്.എസ്.എസ്.എ.ഐ അംഗീകൃത സ്വതന്ത്ര ലാബുകളിൽ നടത്തിയ വേറെ രണ്ട് പരിശോധനകളിൽ വെള്ളം നിശ്ചിത ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിരുന്നാലും, എഫ്.എസ്.എസ്.എ.ഐ നിർദ്ദേശപ്രകാരം ഈ ബാച്ചിലെ വെള്ളം മുഴുവൻ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.
Bisleri seeks review of conflicting test results for West Bengal Batch PB201 https://t.co/DO80vt39wg pic.twitter.com/pi2ZZJnLsB
— ANI (@ANI) November 28, 2026
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ തെലിപ്പാറയിലുള്ള പ്ലാന്റിൽ നിർമ്മിച്ച 'PB201' എന്ന ബാച്ചിലെ വെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയിട്ടുള്ളത്. ബിസ്‌ലെരിക്കെതിരെ ഗോവയിലെ പ്ലാന്റിലും സമാനമായ നിയമനടപടികൾ എഫ്.എസ്.എസ്.എ.ഐ ആരംഭിച്ചിട്ടുണ്ട്. ഗോവ പ്ലാന്റിലെ വെള്ളത്തിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റ് (bromate) കണ്ടെത്തിയതിനെ തുടർന്ന് റഫറൽ ലാബിലേക്ക് അയച്ചപ്പോൾ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും സ്ഥിരീകരിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 പ്രകാരം ഇതിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ജൽപായ്ഗുരി പ്ലാന്റിലെ കോളിഫോം ബാക്ടീരിയ വിഷയത്തിലും പ്രോസിക്യൂഷൻ നടപടികൾക്ക് അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
2026 ജൂലായിൽ ഉത്പാദിപ്പിച്ച ബാച്ചിന്റെ വിൽപന തടയാൻ ഓഗസ്റ്റ് 12-ന് നൽകിയ നോട്ടീസിലൂടെ എഫ്.എസ്.എസ്.എ.ഐ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പുനഃപരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ബിസ്‌ലെരിക്കെതിരെ അടുത്ത ദിവസങ്ങളിലായി ഉണ്ടാകുന്ന രണ്ടാമത്തെ കണ്ടെത്തലാണിത്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി കുപ്പിവെള്ള സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന കർശനമാക്കുകയാണ്.