ബിഹാറില്‍ പുതിയ എൻഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച പട്‌നയില്‍; കൂടുതല്‍ മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ജെഡിയു

പട്‌ന: ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധിമൈതാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യതയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
243 അംഗങ്ങളുള്ള നിയമസഭയില്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ബിഹാറില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷ് കുമാറിന്റെ ജെഡിയുവിന് 85 സീറ്റുകളാണുള്ളത്. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 19 സീറ്റുകളുമുണ്ട്. തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഝാ ഡല്‍ഹിയിലെത്തി ബിജെപി നേതൃത്വവുമായി ചര്‍ച്ചനടത്തിയിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹം നിതീഷ് കുമാറുമായും കൂടിക്കാഴ്ച നടത്തി.
നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് നിലവിലെ സൂചന. അങ്ങനെയാണെങ്കില്‍ പത്താംതവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ റെക്കോഡ് സ്ഥാപിക്കും. പുതിയ സര്‍ക്കാരില്‍ കൂടുതല്‍ മന്ത്രിസ്ഥാനം വേണമെന്ന് ജെഡിയു ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞസര്‍ക്കാരില്‍ ജെഡിയുവിന് 12 മന്ത്രിമാരാണുണ്ടായിരുന്നത്. 50 എംഎല്‍എമാര്‍ ഉണ്ടായിരുന്നപ്പോഴാണിത്. എന്നാല്‍, ഇത്തവണ കൂടുതല്‍ എംഎല്‍എമാരെ പാര്‍ട്ടി വിജയിപ്പിച്ചെന്നും അതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനം വേണമെന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജെഡിയു നേതാവ് ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദത്തിനായി ചിരാഗ് പാസ്വാന്റെ എല്‍ജെപിയും രംഗത്തുണ്ട്.
നിലവിലെ നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം തിങ്കളാഴ്ച രാവിലെ 11.30-ന് ചേരും. മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം അംഗീകരിക്കും. ഇതിനുപിന്നാലെ നിതീഷ് കുമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് രാജി സമര്‍പ്പിക്കും.
Content Highlights: Bihar`s new NDA government to take oath on Thursday. PM Modi to attend ceremony. Nitish Kumar likely CM again, but clarity pending.