ബിഹാറില്‍ ആഭ്യന്തരത്തിലുറച്ച് ജെഡിയു, സ്പീക്കര്‍ സ്ഥാനം ഉറപ്പിച്ച് ബിജെപി; എന്‍ഡിഎയില്‍ ചര്‍ച്ച തുടരുന്നു

പട്‌ന: ബിഹാറില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച സഖ്യകക്ഷികള്‍ക്കിടയിലെ ചര്‍ച്ചകള്‍ അവസാന നിമിഷം പ്രതിസന്ധിയിലായി. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാന്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വിമുഖത കാണിക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിവരം. നവംബര്‍ 20-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
നേരത്തെ, ജെഡിയുവും ബിജെപിയും സ്പീക്കര്‍ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നതായും, ഏതുവിധേനയും ആ പദവി നിലനിര്‍ത്താന്‍ ബിജെപി ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍, ഇതുവരെ നിതീഷ് കുമാര്‍ കൈവശം വെച്ചിരുന്ന ആഭ്യന്തര വകുപ്പിനെച്ചൊല്ലിയാണ് പ്രധാന തര്‍ക്കമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, സാമാജികരെ അയോഗ്യരാക്കാനുള്ള അധികാരമുള്ള നിര്‍ണ്ണായക പദവിയായ സ്പീക്കര്‍ സ്ഥാനത്തെക്കുറിച്ച് സഖ്യകക്ഷികള്‍ക്കിടയില്‍ നിലവില്‍ അഭിപ്രായവ്യത്യാസമില്ല എന്നാണ് വിവരം. പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബുധനാഴ്ച വൈകുന്നേരം പട്‌നയിലെത്തും. രാജ്നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് ഉന്നത ബിജെപി നേതാക്കളും നാളെ വൈകുന്നേരത്തോടെ പട്‌നയിലെത്തും.
എന്‍ഡിഎയുടെ മികച്ച വിജയത്തിന് പിന്നാലെ, 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 85 സീറ്റുകളുമായി ജെഡിയു തൊട്ടുപിന്നിലുണ്ട്. ചിരാഗ് പാസ്വാന്റെ പാര്‍ട്ടി, എച്ച്എഎം, ആര്‍എല്‍എം എന്നിവയുള്‍പ്പെടെയുള്ള ചെറിയ സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി, ജെഡിയു നേതാക്കളായ സഞ്ജയ് ഝാ, ലാലന്‍ സിങ് എന്നിവര്‍ ന്യൂഡല്‍ഹിയിലെ അമിത് ഷായുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട ഈ ചര്‍ച്ചയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയും പങ്കെടുത്തു.
എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയിലുള്ള മന്ത്രിസ്ഥാനങ്ങളുടെ വിഭജനം, നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കല്‍ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. തിങ്കളാഴ്ച നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍, നവംബര്‍ 19 മുതല്‍ നിലവിലെ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതോടെയാണ് എന്‍ഡിഎയുടെ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ക്ക് തുടക്കമായത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സഖ്യത്തിന്റെ അവകാശവാദം ഉറപ്പിച്ചുകൊണ്ട്, എല്ലാ എന്‍ഡിഎ ഘടകകക്ഷികളുടെയും പിന്തുണക്കത്ത് സമര്‍പ്പിക്കുന്നതിനായി നിതീഷ് കുമാര്‍ ബുധനാഴ്ച വീണ്ടും ഗവര്‍ണറെ കാണും. അടുത്ത മന്ത്രിസഭയില്‍ ജെഡിയു തങ്ങളുടെ നിലവിലെ മന്ത്രിമാരെത്തന്നെ നിലനിര്‍ത്താന്‍ സാധ്യതയേക്കുമെന്നാണ് സൂചന. ബിജെപി ചില പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷികളായ ബിജെപിയില്‍ നിന്നും ജെഡിയുവില്‍ നിന്നുമായി അഞ്ചോ ആറോ പുതുമുഖങ്ങള്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ആറ് എംഎൽഎമാർക്ക് ഒരു മന്ത്രി എന്നതാണ് എന്‍ഡിഎയിലെ ധാരണ. ചെറുകക്ഷികളായ എച്ച്.എ.എം. ആര്‍എല്‍എം എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും. ഉപമുഖ്യമന്ത്രി പദവിക്ക് ചിരാഗ് പസ്വാന്‍ ശ്രമം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Bihar NDA government formation faces hurdles. JD(U) adamant on retaining Home Ministry, while Speaker post settled. Details inside.