ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കും; രണ്ടോ മൂന്നോ ഘട്ടങ്ങള്‍

ന്യൂഡല്‍ഹി:തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിനൊടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കും. തിരഞ്ഞെടുപ്പ് തീയതി കമ്മിഷന്‍ അടുത്ത മാസം പ്രഖ്യാപിക്കും.
ദുര്‍ഗ്ഗാ പൂജയ്ക്കും ദസറയ്ക്കും ശേഷം, ഒക്ടോബര്‍ ആദ്യവാരമോ രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിലോ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.
നവംബറില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഛഠ്പൂജയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ 15-നും 20-നും ഇടയില്‍ വോട്ടെണ്ണല്‍ നടന്നേക്കും. നവംബര്‍ 22-ന് മുമ്പായി മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും പൂര്‍ത്തിയാകുമെന്നുമാണ് വിവരം.
ബിജെപി, ജെഡിയു, എല്‍ജെപി എന്നിവരടങ്ങുന്ന എന്‍ഡിഎ ബിഹാറില്‍ ഭരണത്തുടത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍, ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുള്‍പ്പെടുന്ന ഇന്ത്യ സഖ്യം ഭരണം പിടിക്കാനുള്ള ലക്ഷ്യത്തിലാണ്.
243 അംഗങ്ങളുള്ള നിലവിലെ ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 131 എംഎല്‍എമാരുണ്ട്. ഇതില്‍ ബിജെപിക്ക് 80, ജെഡിയുവിന് 45, എച്ച്എഎം(എസ്)-ന് 4 എംഎല്‍എമാരും, രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയുമുണ്ട്.
പ്രതിപക്ഷ സഖ്യത്തില്‍ 111 അംഗങ്ങളുണ്ട്, ആര്‍ജെഡി 77, കോണ്‍ഗ്രസ് -19, സിപിഐ (എംഎല്‍) -11, സിപിഐ (എം) -2, സിപിഐ -2 എംഎല്‍എമാര്‍ എന്നിങ്ങനെയാണ് പ്രതിക്ഷത്തെ അംഗനില.
Content Highlights: Bihar Assembly Elections Likely in November: Election Commission to Announce Dates Next Month